ആലപ്പുഴ: നാടിനെ നടുക്കി മാവേലിക്കര പുന്നമ്മൂട്ടിൽ കൊടുക്രൂരത. പിതാവ് ആറ് വയസ്സുകാരിയെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര(6) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് സൂചന. നക്ഷത്രയെ ആക്രമിച്ച ശ്രീമഹേഷ് വയോധികയായ അമ്മയേയും വെട്ടിയിരുന്നു. വീട്ടിൽ നിന്നും ബഹളം കേട്ട് തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ ഓടിച്ചെല്ലുമ്പോഴാണ് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെ കണ്ടത്. തുടർന്ന് പുറത്തേക്കോടിയ സുനന്ദയെയും പിന്തുടർന്നെത്തി ശ്രീമഹേഷ് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ സുനന്ദയുടെ (62) കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും ഇയാൾ ശ്രമിച്ചു. ബുധനാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. വെട്ടേറ്റ സുനന്ദ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
മഴു ഉപയോഗിച്ചാണ് നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുൻപ് മരിച്ചിരുന്നു. വിദേശത്തായിരുന്ന ശ്രീമഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിനുശേഷമാണ് നാട്ടിലെത്തിയത്.
Discussion about this post