ഓട്ടോ ചാര്‍ജ്ജ് 100 രൂപ കടം പറഞ്ഞു: മുപ്പത് വര്‍ഷത്തിന് ശേഷം ഓട്ടോഡ്രൈവറെ കണ്ടെത്തി പതിനായിരം രൂപ സ്‌നേഹസമ്മാനം നല്‍കി

കൊച്ചി: മുപ്പത് വര്‍ഷം മുമ്പ് ഓട്ടോ ചാര്‍ജ്ജ് കടം പറഞ്ഞുപോയി,വര്‍ഷങ്ങള്‍ക്കിപ്പുറം ഓട്ടോ ഡ്രൈവറെ തേടിപ്പിടിച്ച് ആ യാത്രക്കാരന്‍ എത്തി. കോലഞ്ചേരി സ്വദേശിയായ ഓട്ടോഡ്രൈവര്‍ വല്യത്തുട്ടേല്‍ ബാബുവിനെ തേടിയാണ് തിരുവനന്തപുരം സ്വദേശിയായ എസ്ആര്‍ അജിത് എത്തിയത്.

കഴിഞ്ഞ ദിവസം ബാബുവിന്റെ വീട്ടിലെത്തിയ അജിത്ത് പറഞ്ഞു ‘ഞാന്‍ നിങ്ങളോട് 30 വര്‍ഷങ്ങള്‍ക്കു മുന്‍പൊരു കടം പറഞ്ഞിരുന്നു’. 1993ല്‍ മൂവാറ്റുപുഴ പട്ടിമറ്റം പാതയിലെ മംഗലത്തുനടയില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് ഓട്ടോ വിളിച്ചതും കയ്യില്‍ പണമില്ലാത്തതിനാല്‍ കൂലി പിന്നെ തരാമെന്നും പറഞ്ഞതും ഓര്‍മയുണ്ടോയെന്നും ചോദിച്ചു.

മൂന്ന് പതിറ്റാണ്ടു മുന്നത്തെ സംഭവം ബാബുവിന്റെ ഓര്‍മയില്‍ തെളിഞ്ഞു. ഓട്ടോ ചാര്‍ജായ 100 രൂപ പിന്നെത്തരാമെന്നു പറഞ്ഞു പോയ അജിത്ത് 30 വര്‍ഷത്തിനു ശേഷം ഡ്രൈവറെ തേടിപ്പിടിച്ചെത്തി 10,000 രൂപ സ്‌നേഹസമ്മാനവും നല്‍കി.

ചങ്ങനാശേരിയിലെ ബിഎഡ് പഠനകാലത്ത് മംഗലത്തുനടയിലുള്ള സഹപാഠിയുടെ വീട്ടിലെത്തിയതായിരുന്നു അജിത്. തിരികെ പോകാന്‍ മൂവാറ്റുപുഴയിലേക്കു ബസ് കിട്ടിയില്ല. കൈയ്യിലാണെങ്കില്‍ ബസ് കൂലി മാത്രവും. അതോടെയാണ് ഓട്ടോക്കൂലി കടം പറഞ്ഞത്.

Read Also: ആതിര അവസരം ചോദിച്ച് പാടിയതാണ്:’ ഭര്‍ത്താവ് അന്ധനല്ല, കുഞ്ഞിന് നാല് വയസ്സുണ്ട്’; തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമെന്ന് തെരുവ് ഗായിക ഫൗസിയ

ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് ഓട്ടോക്കാരനെ കണ്ടുപിടിക്കാന്‍ കഴിഞ്ഞത്. അതാണ് പണം നല്‍കാന്‍ വൈകിയതെന്നും അജിത് അറിയിച്ചു.

Exit mobile version