തിരുവനന്തപുരം: വിനോദസഞ്ചാരികളുടേയും ട്രക്കിംഗ് പ്രേമികളുടെയും സ്വപ്‌നമായ അഗസ്ത്യാര്‍കൂടത്തിലേക്കും സ്ത്രീകളെത്തുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കും മലകയറാമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
ശബരിമല യുവതീ പ്രവേശനം വലിയ ചര്‍ച്ചയായിരിക്കെയാണ് അഗസ്ത്യാര്‍ കൂടത്തിന്റെ നെറുകൈയിലേക്കും സ്ത്രീകള്‍ കയറാനൊരുങ്ങുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്ത്രീ സംഘങ്ങള്‍ നടത്തുന്ന നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടാക്കിയത്. സ്ത്രീകളുടെ ആവശ്യത്തെ തുടര്‍ന്ന് അഗസ്ത്യാര്‍കൂടത്തിന്റെ ബേസ്സ് ക്യാമ്പായ അതിരുമലവരെ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കി കഴിഞ്ഞ വര്‍ഷം വനംവകുപ്പ് ഉത്തരവിറക്കി. അഗസത്യാര്‍കൂടമലയുടെ ഏറ്റവും മുകളിലേക്ക് സ്ത്രീകളെ കയറ്റുന്നതിനെതിരെ ആദിവാസികളും ചില സംഘടനകളും ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഇത്.
എന്നാല്‍ മലയുടെ ഏറ്റവും മുകളില്‍വരെ അനുമതിവേണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടും യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ ആവശ്യം പരിഗണിച്ചായിരുന്നു സ്ത്രീകള്‍ക്കും മറ്റ് യാത്രക്കാരെ പോലെ മലകയറാന്‍ കോടതി അനുമതി നല്‍കിയത്.
ഈ സാഹചര്യത്തിലാണ് വനംവകുപ്പിന്റെ വിജ്ഞാപനം. 14 വയസ്സിന് മുകളില്‍ പ്രായവും കായികകക്ഷമതയുമുള്ള ആര്‍ക്കുവേണമെങ്കിലും അപേക്ഷിക്കാം. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയൊന്നും ഉണ്ടാകില്ലെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.
സ്ത്രീകള്‍ വരുന്ന പശ്ചാത്തലത്തില്‍ യാത്ര തുടങ്ങുന്ന ബോണക്കാടും ബേസ് ക്യാമ്പായ അതിരുമലയിലും ഫോറസ്റ്റിന്റെ വനിതാ ഗാര്‍ഡുമാര്‍ ഉണ്ടാകും. ബേസ് ക്യാമ്പില്‍ സ്ത്രീകള്‍ക്ക് താമസസൗകര്യം ഒരുക്കുന്നുണ്ട്.
അതേസമയം, സ്ത്രീകളെത്തുന്നതിനെ എതിര്‍ക്കുന്ന കാണിവിഭാഗക്കാര്‍ വിജ്ഞാപനത്തോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. ജനുവരി 14 മുതല്‍ മാര്‍ച്ച് ഒന്നുവരെയാണ് അഗസ്ത്യാര്‍ക്കൂട യാത്ര. വനംവകുപ്പിന്റെ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ തുടങ്ങും.
Discussion about this post