കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടൽമുറിയിൽ അബോധാവസ്ഥയിൽ കണ്ട യുവതി മരിച്ച സംഭവത്തിൽ ആൺ സുഹൃത്ത് പിടിയിൽ. ആൺ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന പാലക്കാട് പാലക്കാട് തിരുനെല്ലായി വിൻസെൻഷ്യൻ കോളനിയിൽ ചിറ്റിലപ്പിള്ളി പോൾസണിന്റെ മകൾ ലിൻസി (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി ജെസ്സിൽ ജലീലിനെ (36) എളമക്കര പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് ഇടപ്പള്ളിയിലെ ഹോട്ടലിൽ ലിൻസിയെ അബോധാവസ്ഥയിൽ മാതാപിതാക്കൾ കണ്ടെത്തിയത്. ജെസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പാലക്കാട്ടു നിന്നെത്തിയ ലിൻസിയുടെ മാതാപിതാക്കൾ യുവതിയെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിന്നാലെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് മാതാപിതാക്കൾ എളമക്കര പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
ലിന്ഡസി കുറച്ചു ദിവസങ്ങളായി ജെസിലിനൊപ്പം ഹോട്ടലിൽ താമസിച്ചു വരുകയായിരുന്നു. കാനഡയിലായിരുന്നു ലിൻസി. ജെസിലിനെയും കാനഡയിൽ കൊണ്ടുപോകാമെന്നും കടബാധ്യതകൾ തീർത്തു തരാം എന്നും പറഞ്ഞ് യുവതി കബളിപ്പിച്ചിരുന്നു. ഈ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വൈരാഗ്യംമൂലം ജെസ്സിൽ ലിൻസിയുടെ മുഖത്തടിക്കുകയും ഇടിക്കുകയും ചവിട്ടി താഴെ വീഴ്ത്തുകയും ചെയ്തു. ഇതേതുടർന്ന് ലിൻസി അബോധാവസ്ഥയിലായി. തുടർന്ന് ജെസിൽ ലിൻസിയുടെ വീട്ടുകാരെ വിളിച്ച് ലിൻസി ബാത്റൂമിൽ വീണ് ബോധമില്ലാതെയായെന്നു അറിയിച്ചു.
മാതാപിതാക്കൾ ഹോട്ടലിലെത്തിയപ്പോൾ യുവതി വീണുകിടക്കുന്നതാണ് കണ്ടത്. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് എളമക്കര എസ്എച്ച്ഒ സനീഷ് വ്യക്തമാക്കി. പിന്നീട് പോലീസ് ഒളിവിൽ പോയ ജെസിലിനെ പിടികൂടുകയായിരുന്നു.
ഗ്രേസിയാണ് ലിൻസിയുടെ അമ്മ. സഹോദരി: പ്രിൻസി. സംസ്കാരം ചൊവ്വാഴ്ച 9-ന് സെയ്ന്റ് റാഫേൽസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.
Discussion about this post