തൃശ്ശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂർ കോർപറേഷൻ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി. വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് തൃശ്ശൂർ കോർപറേഷൻ റവന്യൂ ഇൻസ്പെക്ടറായ കൊല്ലം അഞ്ചൽ സ്വദേശി നാദിർഷാ വിജിലൻസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
തൃശ്ശൂർ കോർപറേഷനു കീഴിലെ കണിമംഗലം സോണൽ ഓഫീസിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. പനമുക്ക് സ്വദേശി സന്ദീപിന്റെ പരാതിയെ തുടർന്നാണ് നടപടി. അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം തന്റെ പേരിലേക്ക് മാറ്റാനാണ് സന്ദീപ് കോർപറേഷൻ സോണൽ ഓഫീസിൽ അപേക്ഷ നൽകിയിരുന്നത്. തുടർന്ന് റവന്യൂ ഇൻസ്പെക്ടറായ നാദിർഷാ സ്ഥലപരിശോധന നടത്തുകയും ഉടമസ്ഥാവകാശം മാറ്റുന്നതിന് 2,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
ഇതോടെ പരാതിക്കാരൻ കൗൺസിലറായ എആർ രാഹുൽനാഥിനെ വിവരമറിയിച്ചു. കൗൺസിലറുടെ നിർദേശപ്രകാരം തൃശ്ശൂർ വിജിലൻസ് ഓഫീസിൽ പരാതി നൽകുകയായിരുന്നു. വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ നോട്ട് നാദിർഷാ സ്വീകരിക്കുന്ന സമയത്ത് വിജിലൻസ് സംഘമെത്തി പിടികൂടുകയായിരുന്നു.
ഇയാൾ സന്ദീപിൽ നിന്നും വാങ്ങിയ പണം നാദിർഷാ പാന്റിന്റെ പോക്കറ്റിലിട്ടിരുന്നു. തുടർന്ന് പരിശോധനയ്ക്കായി പാന്റ് അഴിച്ചുവാങ്ങിയ വിജിലൻസ് സംഘം മുണ്ട് ഉടുപ്പിച്ചാണ് പരിശോധന നടത്തിയത്. നാദിർഷായെക്കുറിച്ച് ലഭിച്ച മൂന്നാമത്തെ പരാതിയാണിതെന്ന് ഡിവൈഎസ്പി സി ജി ജിം പോൾ പറഞ്ഞു.
മുമ്പ് ലഭിച്ച പരാതികളെത്തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. ഗ്രേഡ് എസ്ഐമാരായ പിഐ പീറ്റർ, ജയകുമാർ, എഎസ്ഐ ബൈജു, സിപിഒമാരായ വിബീഷ്, സൈജു സോമൻ, രഞ്ജിത്ത്, സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, സുധീഷ് എന്നിവരും അറസ്റ്റ് നടത്തിയ വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.
Discussion about this post