സുധിയുടെ കുടുംബത്തിനെ ചേര്‍ത്ത് പിടിച്ച് ഫ്‌ളവേഴ്‌സ് കുടുംബം: വീട് യാഥാര്‍ഥ്യമാക്കും, കുട്ടികളുടെ പഠനവും ഏറ്റെടുത്തു

കൊച്ചി: സിനിമാതാരവും മിമിക്രി ആര്‍ടിസ്റ്റുമായ കൊല്ലം സുധിയുടെ വിയോഗം ഇപ്പോഴും
പ്രിയപ്പെട്ടവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതിസന്ധികള്‍ ഏറെ അതിജീവിച്ചാണ് കൊല്ലം സുധി എന് കലാകരന്‍ പ്രേക്ഷക ഹൃദയം കീഴടക്കിയത്. എല്ലാം അതിജീവിച്ച് സന്തോഷകരമായ ജീവിതം തുടങ്ങുന്നതിനിടെയാണ് ദുരന്തം സുധിയെ തട്ടിയെടുത്തത്. കുടുംത്തിന് സ്വന്തം വീട് എന്ന സ്വപ്‌നം സഫലമാക്കാനാവാതെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും പ്രിയതമയെയും തനിച്ചാക്കിയാണ് സുധി പോയത്.

അതേസമയം സുധിയുടെ കുടുംബത്തിനെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് ഫ്‌ലവേഴ്‌സ് ടിവിയും ട്വിന്റിഫോര്‍ കുടുംബവും. സുധിയുടെ മക്കള്‍ക്ക് സ്വന്തം വീടും കുട്ടികളുടെ പഠന ചെലവും ഫ്‌ളവേഴ്‌സ് കുടുംബം ഏറ്റെടുത്തെന്ന് അറിയിച്ചിരിക്കുകയാണ് ശ്രീകണ്ഠന്‍ നായര്‍. തങ്ങളുടെ കുടുംബത്തിലെ ഒരാളെയാണ് നഷ്ടമായത്, ആ കുടുംബത്തിന് അത്താണിയായി തങ്ങളുണ്ടാകുമെന്നും ശ്രീകണ്ഠന്‍ നായര്‍ അറിയിച്ചു.

ട്വിന്റിഫോര്‍ ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേയാണ് അപകടം സംഭവിച്ചത്. കൊല്ലം സുധി ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച കാര്‍, എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 4.30ന് തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം.

ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്കിലൂടെയാണ് സുധി വലിയ പ്രേക്ഷക സ്വീകാര്യത നേടിയത്. താന്‍ സ്വരുക്കൂട്ടുന്ന പൈസ കൊണ്ട് സ്വസ്ഥമായി ഉറങ്ങാന്‍ ഒരു വീട് പണിയാന്‍ സുധിക്ക് കൃത്യമായ പ്ലാനിംഗ് ഉണ്ടായിരുന്നു. നിരവധി സ്റ്റേജ് ഷോകള്‍ കാലേകൂട്ടി ഏറ്റെടുത്ത് അഡ്വാന്‍സ് വാങ്ങി പരിപാടികള്‍ കഴിയുന്ന മുറയ്ക്ക് തന്റെ വീടുയരുന്നതും സ്വപ്നം കണ്ട് സുധിയിരുന്നു. എന്നാല്‍ കൊവിഡ് ഈ ആഗ്രഹങ്ങളൊക്കെ തകര്‍ത്തു. ആറ് മാസത്തിനുള്ളില്‍ വിചാരിച്ച പണമൊന്നും കിട്ടിയില്ല. വിദേശത്തും സ്വദേശത്തും ബുക്ക് ചെയ്തിരുന്ന എല്ലാ പരിപാടികളും പിന്‍വലിക്കപ്പെട്ടു. പ്രതീക്ഷിച്ചതുപോലെ വീടുയര്‍ന്നില്ല.

15ാം വയസുമുതല്‍ തന്നെ സുധി സ്റ്റേജുകളില്‍ സജീവ സാന്നിധ്യമായിരുന്നു. ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയപ്പോഴും കൈക്കുഞ്ഞ് മാത്രം വീട്ടിലുള്ളപ്പോഴും സുധി തളര്‍ന്നില്ല. കൈക്കുഞ്ഞിനേയും എടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക് പോയി. കര്‍ട്ടന്റെ പിറകില്‍ കുഞ്ഞിനെ കിടത്തി അരങ്ങില്‍ ചിരിപ്പൂരമൊരുക്കി. സുധിയുടെ ഹാസ്യവേദികളിലെ യാത്രയ്ക്കൊപ്പം മകനും വളര്‍ന്നു. അവന് 11 വയസ്സായപ്പോഴാണ് രേണു സുധിയുടെ ജീവിതത്തിലേക്ക് എത്തുന്നത്. ഋതുല്‍ എന്ന കുഞ്ഞുമകനുമുണ്ട് സുധിയ്ക്ക്.

Exit mobile version