മുറിവുകള്‍ക്ക് ചികിത്സ നല്‍കി: അരിക്കൊമ്പനെ മുണ്ടന്‍തുറെ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു

തിരുവനന്തപുരം: തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ മുണ്ടന്‍തുറെ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു. ചികിത്സ ലഭ്യമാക്കിയനശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നുവിട്ടുവെന്ന് തമിഴ്നാട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തുമ്പികൈയിലെയും കാലിലെയും മുറിവുകള്‍ക്ക് ചികിത്സ നല്‍കിയ ശേഷമാണ് ജനവാസമില്ലാത്ത മേഖലയില്‍ ആനയെ തുറന്നുവിട്ടത്. നിലവില്‍ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.

ചിന്നക്കനാലില്‍ ഏറെക്കാലം ഭീതിപരത്തിയ അരിക്കൊമ്പനെ കമ്പത്തുനിന്ന് പിടികൂടിയ ശേഷം കഴിഞ്ഞ ദിവസമാണ് ഇരുനൂറോളം കിലോമീറ്റര്‍ അകലെ തിരുനെല്‍വേലി ജില്ലയിലെ കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തില്‍ എത്തിച്ചത്. കമ്പം, തേനി, മധുര, വിരുദുനഗര്‍, തിരുനെല്‍വേലി, കല്ലടകുറിച്ചി വഴി വൈകീട്ട് അഞ്ചോടെയാണ് അരിക്കൊമ്പനെ കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലേക്ക് എത്തിച്ചത്. പാതയോരങ്ങളിലെല്ലാം കാഴ്ചക്കാര്‍ ഏറെയായിരുന്നു. തുമ്പിക്കൈ ലോറിയില്‍ ചുറ്റിപ്പിടിച്ചു നിന്ന ആന ക്ഷീണിതനായിരുന്നു. മാഞ്ചോലയ്ക്കു പോകുന്ന ഭാഗത്തെ മണിമുത്താര്‍ ഡാം വനംവകുപ്പ് ചെക്‌പോസ്റ്റ് വരെ മാത്രമേ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനമുണ്ടായിരുന്നുള്ളൂ. ഇവിടെ പോലീസ് സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്തിരുന്നു.

മാഞ്ചോലൈ കാട് ഉള്‍പ്പെടുന്ന കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതം തിരുവനന്തപുരത്തിന്റെ വനാതിര്‍ത്തിയാണ്. നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങളുമായും കൊല്ലം ജില്ലയിലെ സെന്തുരുണി കാടുമായുമാണ് മുണ്ടന്‍തുറൈ വനമേഖല അതിര്‍ത്തി പങ്കിടുന്നത്. അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വിന്റെ ഭാഗമായ കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതം കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളിലാണ് വ്യാപിച്ചുകിടക്കുന്നത്. തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ കടുവാ സംരക്ഷണമേഖലയും കൂടിയാണ് ഈ കാടുകള്‍.

Exit mobile version