കൊച്ചി: എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമല്‍ ജ്യോതി കോളജ് അടച്ചിടാന്‍ തീരുമാനം. ഹോസ്റ്റലുകള്‍ ഒഴിയണമെന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അതേസമയം കോളജില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുകയാണ്. ഹോസ്റ്റല്‍ ഒഴിയില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. ഹോസ്റ്റലുകളിലും വിദ്യാര്‍ത്ഥി സമരം നടക്കുകയാണ്. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഇതോടെ കോളേജ് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുകയാണ്.
ഇന്നലെ വിദ്യാര്‍ത്ഥികളുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ച സമരം അവസാനിപ്പിക്കണം എന്ന മാനേജ്‌മെന്റ് ആവശ്യം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചില്ല. ഇതോടെ ഇന്ന് വീണ്ടും വിദ്യാര്‍ത്ഥി പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഇതിനിടയിലാണ് മാനേജ്‌മെന്റിന്റെ പുതിയ നീക്കം.
ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റല്‍ വാര്‍ഡനും ഫുഡ് ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. പോലീസ് നടപടി വൈകുന്നതിലും വിദ്യാര്‍ത്ഥികള്‍ക്ക് അമര്‍ഷമുണ്ട്. കോളജിലേക്ക് എബിവിപി ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി സ്‌കൂളുകളിലും കോളജുകളിലും പ്രതിഷേധം സംഘടിപ്പിക്കും.
Discussion about this post