വിഴിഞ്ഞം: ഓട്ടോറിക്ഷയില്‍ മറന്നുവെച്ച പണവും സ്വര്‍ണവും വയോധിക ഉടമയായ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ഓട്ടോറിക്ഷാ ഡ്രൈവറും പോലീസുകാരിയായ ഭാര്യയും. ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് ബഷീറും ഭാര്യയും വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ വനിതാ അസി. സബ് ഇന്‍സ്‌പെക്ടറുമായ നസീനാ ബീഗവുമാണ് നന്മ മുഖങ്ങളായത്.
പാപ്പനംകോട് സ്വദേശിയായ രാജമ്മയാണ് പണവും സ്വര്‍ണവും മറന്നുവച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. പാപ്പനംകോട്ടുനിന്ന് തമ്പാനൂരിലെത്താനാണ് രാജമ്മ ബഷീറിന്റെ ഓട്ടോറിക്ഷയില്‍ കയറിയത്. ആലപ്പുഴയിലേക്കു പോകുന്നതിനാണ് തമ്പാനൂരിലെത്തിയത്.
ഓട്ടോറിക്ഷയിറങ്ങിയ ശേഷം ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് പണവും സ്വര്‍ണവും കാണാതായത് അറിഞ്ഞത്. വിഷമിച്ച് അവര്‍ തിരികെ വീട്ടിലേക്കു മടങ്ങി. ഓട്ടോറിക്ഷയുമായി താമസസ്ഥലമായ പാളയത്തെ പോലീസ് ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോഴാണ് സീറ്റിനടുത്ത് പേപ്പറില്‍ പൊതിഞ്ഞ സ്വര്‍ണവും പണവും മുഹമ്മദ് ബഷീര്‍ കണ്ടത്. തുടര്‍ന്ന് ഭാര്യ നസീനാ ബീഗത്തിനോടു കാര്യം പറഞ്ഞു. അവര്‍ ഇതുമായി തമ്പാനൂരിലെത്തി രാജമ്മയെ കണ്ടെത്തി നഷ്ടപ്പെട്ടെന്ന് കരുതിയ സമ്പാദ്യം തിരിച്ചേല്‍പ്പിക്കുകയായിരുന്നു.