കൊച്ചി: തമിഴ്‌നാട്ടിൽ വെച്ച് അരിക്കൊമ്പനെ വീണ്ടും പിടികൂടിയ സംഭവം വേദനാജനകമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. നിയമങ്ങൾ മനുഷ്യനുവേണ്ടി മാത്രമുള്ളതാണെന്നും മറ്റ് സഹജീവികളെ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം കളമശ്ശേരി സെന്റ് പോൾസ് കോളേജിലെ പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടന വേളയിലാണ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.
2018ലെ പ്രളയത്തിൽനിന്ന് മനുഷ്യനൊന്നും പഠിച്ചില്ല. സ്വന്തം കാര്യത്തിനായി ജീവിച്ചാൽ നാളെ ലോകം ഉണ്ടാകില്ല. എല്ലാ നിയമങ്ങളും മനുഷ്യനുവേണ്ടി മാത്രമാണ്. നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു, അവനെ നമുക്ക് ഇഷ്ടമുള്ളിടത്ത് കൊണ്ടുപോയി വിടുന്നു. മനുഷ്യൻ ഞാൻ സുരക്ഷിതനായിരിക്കുക എന്നുള്ളതിനപ്പുറത്തേക്ക് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല. അരിക്കൊമ്പനെക്കുറിച്ച് കൂടുതൽ പറഞ്ഞ് വിവാദമുണ്ടാക്കാൻ താൽപര്യമില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് പൂശാനംപെട്ടിക്ക് സമീപത്തെ ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അധികൃതർ മയക്കുവെടിവച്ച് പിടികൂടിയത്. ആനയെ തിരുനൽവേലിയിലെ കാട്ടിലെത്തിക്കാനാണ് തീരുമാനം. കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്കാണ് ആനയെ കൊണ്ടു പോകുന്നതെന്നാണ് വിവരം. രാത്രി 12.30-നാണ് സമീപത്തുവച്ച് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. പിന്നീട് എലിഫന്റ് ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു.