തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം നേടിയ പ്രതി സവാദിന് സ്വീകരണം നൽകിയ സംഭവത്തിൽ വിമർശനവുമായി വനിതാ കമ്മീഷൻ. പ്രതിക്ക് സ്വീകരണം നൽകിയ സംഭവം അസംബന്ധമാണെന്നും അതിജീവിതയെ അങ്ങേയറ്റം അപമാനിക്കുന്ന സംഭവമാണ് നടന്നതെന്നും കമ്മീഷൻ അധ്യക്ഷ പി സതീദേവി പ്രസ്താവനയിൽ പറഞ്ഞു.
അതിജീവിത സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിനെ കൂട്ടാനാണ് ഇങ്ങനൊരു പരാതി നൽകിയതെന്നാണ് സ്വീകരണം നൽകിയവർ ആരോപിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ റിപ്പോർട്ട് ചെയ്യുന്ന അതിജീവിതകൾ എല്ലാക്കാലത്തും നേരിടുന്ന ഒരു വിഷയമാണ് വിക്റ്റിം ബ്ലെയ്മിങ്. അതിന്റെ മറ്റൊരു വകഭേദമാണ് ഈ ആരോപണമെന്ന് വനിത കമ്മീഷൻ പ്രതികരിക്കുന്നു.
കോടതി ജാമ്യം അനുവദിക്കുന്നത് കുറ്റവിമുക്തനാക്കുന്നതിന് തുല്യമല്ല. സാങ്കേതികവും അല്ലാത്തതുമായ പല കാരണങ്ങളാൽ ജാമ്യം ലഭിക്കാം, ലഭിക്കാതിരിക്കാം. അത് പക്ഷേ, അതിജീവിതകളെ അപമാനിക്കുന്നതിനുള്ള ലൈസൻസല്ലെന്നും കമ്മീഷൻ അധ്യക്ഷ പറഞ്ഞു. നഗ്നതാ പ്രദർശനം നടത്തിയതിന് നിയമം നടപടികൾ നേരിടുന്ന ആൾക്ക് സ്വീകരണം നൽകിയ സംഭവത്തെ ശക്തമായി അപലപിക്കുന്നെന്നും സതീദേവി പറഞ്ഞു.
വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രസ്താവന: ”ബസിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയതിന് അറസ്റ്റിലായി, ശേഷം കോടതി ജാമ്യം അനുവദിച്ച വ്യക്തിക്ക് ഒരു സംഘടന സ്വീകരണം നൽകിയെന്ന വാർത്ത കണ്ടു. എന്ത് അസംബന്ധമാണ് നടക്കുന്നത്?! ആ സംഭവത്തിലെ മാത്രമല്ല, ഏത് വിഷയത്തിലെയും അതിജീവിതകളെ അങ്ങേയറ്റം അപമാനിക്കുന്ന ഒരു സംഭവമാണിത്. സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിനെ കൂട്ടാനാണ് ഇങ്ങനൊരു പരാതി നൽകിയതെന്നാണ് സ്വീകരണം നൽകിയവരുടെ ആരോപണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ റിപ്പോർട്ട് ചെയ്യുന്ന അതിജീവിതകൾ എല്ലാക്കാലത്തും നേരിടുന്ന ഒരു വിഷയമാണ് വിക്റ്റിം ബ്ലെയ്മിങ്. അതിന്റെ മറ്റൊരു വകഭേദമാണ് ഈ ആരോപണവും. ”
”ലൈംഗിക പീഡനത്തിന് ഇരയാകുന്നവർ ഏൽക്കേണ്ടി വരുന്ന മാനസിക പീഡനവും മാനസികവ്യഥയും പറഞ്ഞറിയിക്കാനാവാത്ത വിധം പ്രയാസകരമാണ്. പീഡനസമയത്തേൽക്കേണ്ടി വരുന്ന മാനസിക വ്യഥയെക്കാൾ വലിയ മാനസികാഘാതം ഉണ്ടാക്കാൻ ഇടവരുത്തുന്ന പരാമർശങ്ങളും നിലപാടുകളും ശക്തമായി എതിർക്കപ്പെടേണ്ടതാണ്. അടുത്തകാലത്തായി യാത്രാവേളകളിലും മറ്റും തങ്ങൾ അനുഭവിക്കുന്ന പീഡനങ്ങളെ സംബന്ധിച്ച് തുറന്നു പറയാനും പരാതിപ്പെടാനും സ്ത്രീകൾ മുന്നോട്ടുവരുന്നുണ്ട്. എന്നാൽ തുടർന്നുണ്ടാവുന്ന പ്രശ്നങ്ങൾ തരണം ചെയ്യാൻ ആവാത്ത സാഹചര്യമുണ്ടാവുമ്പോൾ പലപ്പോഴും ഇത്തരത്തിലുള്ള പീഡനക്കേസുകളിലെ അതിജീവിതകൾ പരാതിപ്പെടാൻ പോലും തയ്യാറാവാത്ത മാനസികാവസ്ഥയിൽ എത്തും. അതുണ്ടാവാൻ പാടില്ല. സ്ത്രീകളെ തങ്ങളുടെ ലൈംഗിക ആസ്വാദനത്തിനുള്ള ഉപകരണങ്ങൾ ആയിട്ട് കാണുന്ന മനോനിലക്ക് മാറ്റം ഉണ്ടാക്കിയെടുക്കാൻ കഴിയണമെങ്കിൽ ഒരു സ്ത്രീ സൗഹൃദ അന്തരീക്ഷം പുലരുന്ന നാടായി നമ്മുടെ നാടിനെ മാറ്റിയെടുക്കേണ്ടതുണ്ട്. ”
”തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും യാത്രാവേളകളിലും എല്ലാം സ്ത്രീക്ക് സുരക്ഷിതത്വം ലഭ്യമാക്കി കൊടുക്കാനുള്ള നിയമങ്ങൾ ശക്തമാണെങ്കിലും നിയമങ്ങളുടെ പ്രയോജനം സ്ത്രീകൾക്ക് ലഭ്യമാകുന്നില്ല എന്നുള്ളത് പലപ്പോഴും പൊതുസമൂഹത്തിന്റെ വീക്ഷണഗതി സ്ത്രീവിരുദ്ധമാണ് എന്നുള്ളതുകൊണ്ടാണ്. അതുകൊണ്ട് സ്ത്രീകൾക്ക് അന്തസ്സോടെ, ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ പൊതുസമൂഹത്തിന്റെ ജാഗ്രത അനിവാര്യമാണ്. ലിംഗനീതി എന്നത് ഒന്നിച്ചുള്ള മുന്നേറ്റത്തിലൂടെ മാത്രമേ നമുക്ക് കൈവരിക്കാൻ സാധിക്കുകയുള്ളൂ. കോടതി ജാമ്യം അനുവദിക്കുന്നത് കുറ്റവിമുക്തനാക്കുന്നതിന് തുല്യമല്ല. സാങ്കേതികവും അല്ലാത്തതുമായ പല കാരണങ്ങളാൽ ജാമ്യം ലഭിക്കാം, ലഭിക്കാതിരിക്കാം. അത് പക്ഷേ, അതിജീവിതകളെ അപമാനിക്കുന്നതിനുള്ള ലൈസൻസല്ല. നഗ്നതാ പ്രദർശനം നടത്തിയതിന് നിയമം നടപടികൾ നേരിടുന്ന ആൾക്ക് സ്വീകരണം നൽകിയ സംഭവത്തെ ശക്തമായി അപലപിക്കുന്നു.”