തിരുവനന്തപുരം: കിളികൊല്ലൂർ പോലീസ് സ്‌റ്റേഷനിൽ വെച്ച് സൈനികനെയും സഹോദരനെയും മർദിച്ച സംഭവത്തിലെ പ്രതികളായ പോലീസുകാരുടെ സസ്‌പെൻഷൻ പിൻവലിച്ചു. സിഐ കെ വിനോദ്, എസ്ഐ എ പി അനീഷ്, എഎസ്‌ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് സർവീസിൽ തിരിച്ചെടുത്തത്.
ദക്ഷിണമേഖല ഐജി ജി സ്പർജൻ കുമാറാണ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് ഉത്തരവിറക്കിയിരിക്കുന്നത്. സൈനികനെയും സഹോദരനെയും മർദിച്ചതിന് ഏഴ് മാസം മുൻപാണ് ഇവരെ സസ്‌പെൻഡ് ചെയ്തത്. എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷമാണ് പേരൂർ സ്വദേശികളായ വിഘ്‌നേഷിനെയും വിഷ്ണുവിനെയും പോലീസുകാർ ക്രൂരമായി മർദ്ദിച്ചത്.
മഫ്തിയിലായിരുന്ന എഎസ്‌ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് ചമച്ച് മർദ്ദിച്ചത്. ലഹരിക്കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്‌ഐയെ ആക്രമിച്ചെന്നു വ്യാജവാർത്ത പുറത്ത് വിടുകയും ചെയ്തിരുന്നു. പിന്നാലെ കേസെടുക്കുകയായിരുന്നു.
ഈ സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ലോക്കപ്പ് മർദ്ദനം വിവാദമായതോടെയാണ് നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.
also read- അരികൊമ്പനെ പൂട്ടി തമിഴ്‌നാട്; ഇനി മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്ക്
ആഗസ്റ്റ് 25 ന് പിടികൂടിയ എംഡിഎംഎ കേസ് പ്രതികളെ കാണണം എന്നാവശ്യപ്പെട്ട് കരിക്കോട് സ്വദേശികളായ വിഷ്ണു, വിഘ്‌നേഷ് എന്നിവർ ഉദ്യോഗസ്ഥരെ അക്രമിച്ചുവെന്നായിരുന്നു പോലീസിന്റെ കഥ.
യഥാർത്ഥത്തിൽ പ്രതികളെ ജാമ്യത്തിലിറക്കാൻ ആവശ്യപ്പെട്ട് സ്റ്റേഷനിലുണ്ടായിരുന്ന സിപിഒ മണികണ്ഠൻ വിഘ്‌നേഷിനെ വിളിച്ചു വരുത്തുകയായിരുന്നു. എംഡിഎംഎ കേസിൽ ജാമ്യം നിൽക്കാനാകില്ലെന്ന് യുവാവ് പറയുകയായിരുന്നു. ഈ സമയത്ത് വിഘ്‌നേഷിനെ അന്വേഷിച്ചെത്തിയ സഹോദരൻ വിഷ്ണുവിന്റെ ബൈക്ക് സ്റ്റേഷന് മുന്നിലുണ്ടായിരുന്ന ഓട്ടോയിൽ തട്ടി. ഇതിന് പിന്നാലെ മഫ്തിയിലുണ്ടായിരുന്ന എഎസ്‌ഐ പ്രകാശ് ചന്ദ്രനുമായ് തർക്കമുണ്ടായിരുന്നു. ഇതാണ് പ്രശ്‌നങ്ങളുടെ തുടക്കം.