കൊല്ലം: മിമിക്രി ആർടിസ്റ്റും നടനുമായ കൊല്ലം സുധിയുടെ വിയോഗത്തിന്റെ ആഘാതത്തിലാണ് പ്രിയപ്പെട്ടവർ. സുഹൃത്തുക്കളും ആരാധകരും അന്ത്യാഞ്ജലി അർപ്പിച്ച് കൊണ്ട് രംഗത്തെത്തുകയാണ്. സുധിയുടെ തമാശകളും സ്‌നേഹവും മറക്കാനാകില്ലെന്നാണ് സഹപ്രവർത്തകർ പറയുന്നത്.
ഇതിനിടെ സുധിയുടെ കുടുംബത്തെ ഓർത്തും കണ്ണീർ പൊഴിക്കുകയാണ് നടി സ്വാസിക ഉൾപ്പടെയുള്ളവർ. സുധിയുടെ എല്ലാമെല്ലാമായിരുന്നു കുടുംബം. ഭാര്യ രേണുവും രണ്ടുമക്കളുമായിരുന്നു താരത്തിന്റെ ലോകം. ഒരുപാട് ദുരിതങ്ങളും പ്രതിസന്ധികളും അതിജീവിച്ച് പുത്തൻ ജീവിതം കൊട്ടി പടുക്കുന്നതിനിടെയാണ് കൊല്ലം സുധിയെ വിധി തിരികെ വിളിച്ചത്.
മുൻപ് നൽകിയ ഒരു സ്വകാര്യ അഭിമുഖത്തിൽ കൊല്ലം സുധി തന്റെ ജീവിതത്തിലെ കയ്‌പേറിയ ദിനങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ വാക്കുകളിങ്ങനെ: ‘എന്റെ ജീവിതത്തിൽ ഇത്ര വലിയ വേദനയുടെ കഴിഞ്ഞ കാലമുണ്ടെന്ന് ഞാൻ ചാനലിൽ വെളിപ്പെടുത്തും വരെ ഏറെ അടുപ്പമുള്ളവർക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ.’
തന്റെ ആദ്യ വിവാഹം പ്രണയിച്ചായിരുന്നു. പതിനാറ് വർഷം മുമ്പ്. പക്ഷേ ആ ബന്ധം അധികം നാൾ നീണ്ടുനിന്നില്ല. ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അതെന്ന് സുധി പറയുന്നു.
പിന്നീട് താനും മോനും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ചു പിടിച്ചത്. പിന്നീട് പുള്ളിക്കാരി ആത്മഹത്യ ചെയ്തു. അവരുടെ രണ്ടാം ദാമ്പത്യത്തിലെ ചില പ്രശ്‌നങ്ങളായിരുന്നത്രേ കാരണം. ആ ബന്ധത്തിൽ അവർക്ക് ഒരു കുഞ്ഞുണ്ട്. ആരോടും പരാതിയോ പരിഭവമോ ഇല്ല. ദൈവം തനിക്ക് ഇപ്പോൾ സന്തോഷം മാത്രമുള്ള കുടുംബജീവിതം തന്നെന്നും സുധി പറഞ്ഞു.
‘എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണവും രണ്ടു മക്കളും ആണ് ഇന്നെന്റെ ലോകം. എന്റെ ഏറ്റവും വലിയ സമ്പാദ്യവും അതുതന്നെ. രേണുവിന് ജീവനാണ് രാഹുലിനെ. താൻ പ്രസവിച്ചതല്ലെങ്കിലും എന്റെ മൂത്ത മോൻ അവനാണെന്നാണ് എപ്പോഴും രേണു പറയുന്നത്. രണ്ടു പേരും വലിയ ചങ്കുകളാണ്. ഇപ്പോൾ പത്താം ക്ലാസിലാണ് രാഹുൽ. മോന് 11 വയസ്സുള്ളപ്പോഴാണ് ഞാൻ രേണുവിനെ വിവാഹം കഴിച്ചത്. അന്നു മുതൽ എന്റെ മോൻ അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ല. എന്റെ ജീവിതത്തിലെ എല്ലാം അറിഞ്ഞ് എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതാണ് രേണു. എന്റെ വളർച്ചയിൽ ഈ നിമിഷം വരെ അവളുടെ പിന്തുണയാണ് വലുത്. രേണു ജീവിതത്തിലേക്ക് കടന്നുവരും മുൻപ്, ഒന്നര വയസ്സുള്ള കാലം മുതൽ രാഹുലിനെയും കൊണ്ടാണ് ഞാൻ സ്റ്റേജ് ഷോകൾക്ക് പോയിരുന്നത്. ഞാൻ സ്റ്റേജിൽ കയറുമ്പോൾ സ്റ്റേജിന് പിന്നിൽ അവനെ ഉറക്കിക്കിടത്തും. ഇല്ലെങ്കിൽ ഒപ്പമുള്ള ആരെങ്കിലും നോക്കും. അഞ്ച് വയസ്സൊക്കെ ആയപ്പോൾ മോൻ കർട്ടൻ പിടിക്കാൻ തുടങ്ങി’- കുടുംബത്തെ കുറിച്ച് സുധി മനോരമയോട് പറഞ്ഞവാക്കുകളാണിത്.
സുധിയുടെ അച്ഛൻ അച്ഛൻ ശിവദാസൻ കൊച്ചിൻ കോർപ്പറേഷനിലെ റവന്യൂ ഇൻസ്‌പെക്ടറായിരുന്നു. അമ്മ ഗോമതി. താരത്തിന് ഒരു ചേച്ചിയും ചേട്ടനും അനിയനുമാണ്. അനിയൻ സുഭാഷ് മരിച്ചു.മിമിക്രിയിലേക്ക് വന്നിട്ട് 30 വർഷമായി. 16 -17 വയസ്സു മുതൽ തുടങ്ങിയതാണ് കലാപരിപാടികളെന്നും സുധി പറയുന്നു. ഇതിനോടകം 40 സിനിമ ചെയ്തു. പ്രദീപേട്ടന്റെ ‘ചെന്നൈക്കൂട്ട’മാണ് ആദ്യ സിനിമ. പിന്നീട് സ്റ്റാർ മാജിക്കിലൂടെയാണ് വീണ്ടും ചാനലിൽ സജീവമായത്. ഇപ്പോൾ എവിടെപ്പോയാലും ആളുകൾ തിരിച്ചറിയുന്നു, പരിചയപ്പെടുന്നു, സെൽഫിയെടുക്കുന്നു…എല്ലാം വലിയ സന്തോഷം.”-സുധി പറഞ്ഞു.
കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ സുധി എത്തിയിരുന്നു.
ഇന്ന് പുലർച്ചെ തൃശൂർ കയ്പമംഗലത്തിന് അടുത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റാണ് സുധിയെയും സഹപ്രവർത്തകരെയും ആശുപത്രിയിലേക്ക് എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധിയുടെ ജീവൻ രക്ഷിക്കാനായില്ല.