തിരുവനന്തപുരം: ഏറെ വിവാദമായ എഐ ക്യാമറയുടെ സഹായത്തോടെ പിഴയീടാക്കാനുള്ള തീരുമാനത്തിൽ സംസ്ഥാനത്തിന്റെ തിരുത്ത്. ഇരുചക്രവാഹന യാത്രക്കാരിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികളെ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.
ഇക്കാര്യത്തിൽ കേന്ദ്രനിയമത്തിൽ ഭേദഗതി വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിൾ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിന് പിഴ ഈടാക്കില്ലെന്നാണ് അറിയിപ്പ്.
അതേസമയം, നാളെ രാവിലെ എട്ട് മണി മുതൽ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കും. ഹെൽമെറ്റ് സീറ്റ് ബെൽറ്റ , മൊബൈൽ ഉപയോഗം, തുടങ്ങിയ നിയമലംഘനത്തിനെല്ലാം പിഴ ഈടാക്കും.
അതേസമയം, ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ രംഗത്ത്. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എളമരം കരീം എംപിയുടെ കത്തിനു നൽകിയ മറുപടിയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. നാളെ മുതൽ സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴ ഈടാക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.
10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ ഇളവ് അനുവദിക്കണമെന്നായിരുന്നു എളമരം കരീം ആവശ്യപ്പെട്ടത്.
Discussion about this post