തിരുവനന്തപുരം: ഒഡിഷയില്‍ സംഭവിച്ചത് രാജ്യത്തെയാകെ നടുക്കിയ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദാരുണമായ ട്രെയിനപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും അതിലേറെ ആളുകള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ മനസും പിന്തുണയും ഈ വിഷമഘട്ടത്തില്‍ ഒഡീഷയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, ട്രെയിനപകടത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുകയാണ്. 280 മരണമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ട്രെയിന്‍ അപകടത്തില്‍ ആയിരത്തിലേറെ ആളുകള്‍ക്കാണ് പരിക്കേറ്റത്. ചികിത്സയില്‍ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.