കണ്ണൂർ: വീണ്ടും ഞെട്ടലുണ്ടാക്കി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട തീവണ്ടിയുടെ ബോഗിക്ക് തീയിട്ട കേസിലെ പ്രതി ഭിക്ഷാടകനായ വ്യക്തിയെന്ന് പോലീസ്. ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്സ്പ്രസിന്റെ (16307) ജനറൽ കോച്ചിനാണ് കഴിഞ്ഞദിവസം തീവെച്ചത്. ബോഗി പൂർണമായും കത്തി നശിച്ചിരുന്നു. ഈ സംഭവത്തിലെ പ്രതി പശ്ചിമ ബംഗാൾ 24 സൗത്ത് പ്രഗ്‌നാനസ് സ്വദേശിയായ പ്രസൂൺജിത് സിക്ദർ (40) ആണ് പ്രതിയെന്ന് ഉത്തരമേഖല ഐജി നീരജ് ഗുപത് അറിയിച്ചു.
ഭിക്ഷാടനത്തിന്റെ ഭാഗമായി തലശ്ശേരിയിലെത്തിയ ഇയാൾക്ക് പണമൊന്നും ലഭിച്ചിരുന്നില്ല. അതിൽ ഇയാൾക്ക് മാനസിക സംഘർഷത്തിലായിരുന്നു. തുടർന്ന് കണ്ണൂരിലേക്ക് നടന്ന് പോയി. പിന്നീട് മാനസിക സംഘർഷങ്ങളെ തുടർന്നാണ് ഇയാൾ ട്രെയിന് തീവെച്ചെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും ഐജി പറഞ്ഞു.
കൊൽക്കത്തയിലും മുംബൈയിലും ഡൽഹിയിലും ഇയാൾ ഹോട്ടലിൽ ജോലി ചെയ്തിരുന്നു. രണ്ടു വർഷം മുമ്പ് വരെ പ്ലാസ്റ്റിക് ബോട്ടിൽ പെറുക്കി വിറ്റ് ഉപജീവനം നടത്തിയിരുന്നു. പിന്നെയാണ് ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞത്.
കസ്റ്റഡിയിലുള്ള ഇയാളെ ഉടൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നും ഐജി വ്യക്തമാക്കി.ട്രെയിനിന് തീവെച്ചത് തീപ്പെട്ടി ഉപയോഗിച്ചാണ്. പെട്രോളോ ഡീസലോ ഉപയോഗിച്ചതിന് തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.