കൊല്ലം: ക്ഷേത്രത്തിന് മുന്നിലിരുന്ന് വര്‍ഷങ്ങളോളം ഭിക്ഷയെടുത്ത് സമ്പാദിച്ച വയോധികന്റെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍. കൊല്ലത്താണ് സംഭവം. ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ തെക്കുംഭാഗം താഴേത്തൊടിയില്‍ മണിലാലിനെ(55)യാണ് എസ്എച്ച്ഒ ബിജു അറസ്റ്റ് ചെയ്തത്.
കരുനാഗപ്പള്ളി മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷാടനം നടത്തുന്ന ചിറയന്‍കീഴ് സ്വദേശി സുകുമാരന്റെ (75) സമ്പാദ്യമാണ് ഇയാള്‍ മോഷ്ടിച്ചത്. മുപ്പതു വര്‍ഷത്തോളമായി സുകുമാരന്‍ ഭിക്ഷയെടുത്ത് സ്വരുക്കൂട്ടി വെച്ച പണമായിരുന്നു അത്. പണച്ചാക്കില്‍ ഉപയോഗ യോഗ്യമായ നോട്ടുകള്‍ എണ്ണിയപ്പോള്‍ 2.15 ലക്ഷം രൂപയുണ്ടായിരുന്നു.
also read: ഉച്ചയോടെ വീട്ടില്‍ നിന്നും ഇറങ്ങി, നഴ്‌സിംഗ് വിദ്യാര്‍ത്ഥി ചെമ്മീന്‍ കെട്ടില്‍ മരിച്ച നിലയില്‍
അതേസമയം, കുറേ നോട്ടുകള്‍ ദ്രവിച്ച് പോയതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല. പണം കവറിലാക്കി ചാക്കു കൊണ്ട് കെട്ടി അതില്‍ തല വച്ച് സമീപത്തെ കടത്തിണ്ണയിലായിരുന്നു സുകുമാരന്റെ ഉറക്കം. മൂന്നു പതിറ്റാണ്ടായി ക്ഷേത്രനടയില്‍ ഭിക്ഷയെടുക്കുന്ന സുകുമാരന്‍ തനിക്ക് കിട്ടുന്ന പണം മുഴുവന്‍ ചില്ലറ മാറ്റി നോട്ടാക്കി പ്ലാസ്റ്റിക് കവറിലിട്ട് ചാക്കുകൊണ്ട് മൂടിയാണ് സൂക്ഷിച്ചിരുന്നത്.
സുകുമാരന്റെ കൈവശമുള്ള ചില്ലറകള്‍ ലോട്ടറിക്കച്ചവടക്കാര്‍ വന്ന് വാങ്ങും. 500, 100 രൂപകള്‍ക്കുള്ള ചില്ലറകളാണ് സുകുമാരന്‍ കൊടുത്തിരുന്നത്. സുകുമാരന്റെ കൈവശം പണമുണ്ടെന്നറിഞ്ഞ മണിലാല്‍ ഇത് മോഷ്ടിക്കുകയായിരുന്നു.