സംഘ്പരിവാര്‍ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ പോലീസിന്റെ കനത്ത ജാഗ്രത നിര്‍ദ്ദേശം. പേരാമ്പ്രയിലും വടകരയിലും പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. ജില്ലയുടെ പലഭാഗങ്ങളിലും ഇന്നലെ അര്‍ദ്ധരാത്രിയിലും സംഘര്‍ഷമുണ്ടായി. മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ ശശികുമാറിന്റെ വീടിന് നേരെ ബോംബെറിഞ്ഞു. കണ്ണൂരില്‍ ബിജെപി ഓഫീസിന് തീയിടാന്‍ ശ്രമിച്ചതായി പരാതിയുണ്ട്.
ഹര്‍ത്താലിന് ശേഷവും കോഴിക്കോട് ജില്ലയില്‍ സംഘര്‍ഷത്തിന് അയവുണ്ടായിരുന്നില്ല. അര്‍ദ്ധരാത്രിയിലും പലയിടങ്ങളിലും അക്രമങ്ങളുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ശശികുമാറിന്റെ വീടിന് നേരയുള്ള അക്രമം.
ശശികുമാറിന്റെ വീടിന് നേരെ അക്രമികള്‍ സ്റ്റീല്‍ ബോംബെറിയുകയായിരുന്നു. രണ്ട് സ്റ്റീല്‍ ബോംബുകളില്‍ ഒരെണ്ണം പൊട്ടിത്തെറിച്ചു. ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആര്.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു.
അക്രമസംഭവങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് പേരാമ്പ്ര, വടകര പോലീസ് സ്റ്റേഷന് പരിധിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അഞ്ച് ദിവസത്തേക്കാണ് നിയന്ത്രണം. കോഴിക്കോട് ജില്ലയിലെ വിവിധ ഇടങ്ങളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 80ഓളം പേരെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പുതിയ തെരുവിലെ ബി.ജെ.പി ഓഫീസ് പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘം തീയിടാന്‍ ശ്രമിച്ചതായി പരാതിയുണ്ട്. ഒരാള്‍ക്ക് പൊള്ളലേറ്റു.
Discussion about this post