കോട്ടയം: സർക്കാരും വിജിയലൻസും കർശനമായ നടപടികളുമായി കൈക്കൂലിക്ക് എതിരെ പോരാടുമ്പോൾ വീണ്ടും കൈക്കൂലി വാങ്ങൽ തുടർന്ന് ഉദ്യോഗസ്ഥർ. കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയത്ത് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പിടിയിലായി. കോട്ടയം ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിലെ ഇലക്ട്രിക് ഇൻസ്പെക്ടറായ എക്സിക്യൂട്ടീവ് എൻജിനിയർ കെകെ സോമനാണ് വിജിലൻസിന്റെ പിടിയിലായത്.
എറണാകുളം സ്വദേശിയായ കരാറുകാരനിൽ നിന്ന് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സോമൻ അറസ്റ്റിലായത്. നേരത്തെ 10000 രൂപ ഇതേ കരാറുകാരനിൽ നിന്ന് സോമൻ വാങ്ങിയിരുന്നു. വീണ്ടും 10000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കരാറുകാരൻ വിജിലൻസിനെ സമീപിച്ചത്.
ബുധനാഴ്ച രാവിലെ ഓഫീസിൽവെച്ച് കരാറുകാരനിൽ നിന്നും പണം വാങ്ങി പേഴ്സിലേക്ക് വെക്കുന്നതിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥരെത്തി സോമനെ അറസ്റ്റുചെയ്തത്. കോട്ടയം വിജിലൻസ് എസ്പി വി ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സോമനെ കൈയ്യോടെ പിടികൂടിയത്.
Discussion about this post