മലപ്പുറം: ഒമാനിൽനിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നും പോലീസ് അനധികൃതമായി കടത്തിയ സ്വർണം പിടിച്ചെടുത്തു. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി കരീ(48)മിനെയാണ് സ്വർണക്കടത്തിന് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് സംഘം പിടികൂടിയത്.
66 ലക്ഷം രൂപ വിലവരുന്ന 1072 ഗ്രാം സ്വർണം ഇയാളുടെ ശരീരത്തിൽ നിന്നും കണ്ടെടുത്തു. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് മസ്‌കറ്റിൽനിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കരീം കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് ഒൻപതുമണിക്ക് പുറത്തിറങ്ങിയ കരീമിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
എന്നാൽ, പ്രാഥമിക ചോദ്യംചെയ്യലിൽ സ്വർണമില്ലെന്നായിരുന്നു ഇയാളുടെ മറുപടി. ആശുപത്രിയിലെത്തിച്ച് നടത്തിയ എക്സറേ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ നാല് ക്യാപ്സ്യൂളുകളാക്കി സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തിയത്.
also read- ‘മക്കൾക്കുള്ള ഹൃദയം നിറഞ്ഞ അനുഗ്രഹമായി സ്വീകരിക്കുന്നു’; മുഖ്യമന്ത്രി പിണറായിയുടെ കത്ത് പങ്കുവെച്ച് ഹരീഷ് പേരടി
പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കുമെന്നും കേസിലെ തുടരന്വേഷണത്തിനായി കസ്റ്റംസിന് റിപ്പോർട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് ഈ വർഷം പോലീസ് പിടികൂടുന്ന ഇരുപതാമത്തെ സ്വർണക്കടത്ത് കേസാണ് കരീമിന്റേത്.
Discussion about this post