തിരുവനന്തപുരം: 2 മാസത്തെ വേനലവധിക്കു ശേഷം കുട്ടികള്‍ വീണ്ടും അക്ഷരമുറ്റത്തേക്ക്. പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ ഇന്നു സ്‌കൂളുകളിലെത്തും. സംസ്ഥാനത്താകെ 15,452 വിദ്യാലയങ്ങളാണുള്ളത്. ഇതില്‍ 13,964 എണ്ണവും സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലാണ്. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവമുണ്ട്.
രാവിലെ 10ന് തിരുവനന്തപുരം മലയിന്‍കീഴ് ഗവ.വിഎച്ച്എസ്എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വി.ശിവന്‍ കുട്ടി അധ്യക്ഷത വഹിക്കും.
അക്കാദമിക് കലണ്ടര്‍ മന്ത്രി ആന്റണി രാജുവും ‘മധുരം മലയാളം’, ‘ഗണിതം രസം’, ‘കുട്ടിക്കൂട്ടം’ കൈപ്പുസ്തകങ്ങള്‍ മന്ത്രി ജി. ആര്‍.അനിലും ‘ഹലോ ഇംഗ്ലിഷ്- കിഡ്സ് ലൈബ്രറി’ പുസ്തക പരമ്പര പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രകാശനം ചെയ്യും.
മൂന്നര ലക്ഷം കുട്ടികള്‍ ഒന്നാം ക്ലാസിലെത്തുമെന്നാണ് പ്രതീക്ഷ. അഞ്ചിലും എട്ടിലുമായി കാല്‍ ലക്ഷം കുട്ടികള്‍ എത്തി. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഉള്‍പ്പടെ 42 ലക്ഷം കുട്ടികള്‍ സ്‌കൂളുകളിലെത്തും. അന്തിമ കണക്ക് ആറാം പ്രവൃത്തിദിനത്തില്‍ ലഭ്യമാകും.