കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിന് തീപ്പിടിച്ചു: കത്തി നശിച്ചത് മുന്‍പും ആക്രമണം നടന്ന കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഒരു കോച്ച് കത്തിനശിച്ചു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ ഒരു ബോഗിയാണ് കത്തിയത്. എലത്തൂരില്‍ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് തീപിടിച്ചതെന്നാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്ററും അധികൃതരും അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന രാത്രി 2.20-ഓടെ തീ അണച്ചു. മറ്റു കോച്ചുകളെ ഉടന്‍ വേര്‍പെടുത്തിയതിനാല്‍ തീ പടര്‍ന്നില്ല. പുലര്‍ച്ചെ 5.10-ന് പുറപ്പെടേണ്ട വണ്ടിയാണ്.

എലത്തൂര്‍ കേസിലെ ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ തീപിടുത്തത്തിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ട്രെയിനനടുത്തേക്ക് കാനുമായി ഒരാള്‍ പോകുന്നതാണ് റെയില്‍വേയ്ക്ക് ലഭിച്ച ദൃശ്യങ്ങളിലുള്ളത്.

സംഭവത്തില്‍ അട്ടിമറി സാധ്യത റെയില്‍വേ തള്ളിക്കളഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ നിലവില്‍ റെയില്‍വേ പരിശോധിക്കുകയാണ്. ഏപ്രില്‍ രണ്ടിന് രാത്രി 9.25-ന് എലത്തൂരില്‍ വെച്ച് ഇതേ ട്രയിനില്‍ ആക്രമണമുണ്ടായത്.

Exit mobile version