തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിനും ജോലിക്കിടെ മരണപ്പെട്ട ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് ജെഎസ് രഞ്ജിത്തിന്റെ കുടുംബത്തിനും സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കോട്ടയം സ്വദേശിയായ വന്ദനദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. ലഹരിമരുന്നിന് അടിമയായ പ്രതി ജി.സന്ദീപിനെ പോലീസുകാര്‍ പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് വന്ദനയെ കുത്തിയത്.
കിന്‍ഫ്ര പാര്‍ക്കില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഗോഡൗണിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത്ത് മരിച്ചത്.
മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ധനസഹായം അനുവദിക്കാനാണ് തീരുമാനം. കേരള വാട്ടര്‍ അതോറിറ്റിയുടെ കടുത്തുരുത്തി സബ് ഡിവിഷന്റെ കീഴില്‍ കാവാലിപ്പുഴ പമ്പ് ഹൗസില്‍ പമ്പ് ഓപ്പറേറ്ററായി താല്‍ക്കാലിക ജോലി ചെയ്യവെ വാട്ടര്‍ ടാങ്കില്‍ വീണ് മരണമടഞ്ഞ എസ്ആര്‍ രാജേഷ്കുമാറിന്റെ ഭാര്യയ്ക്കും സഹായധനം നല്‍കും. രാജേഷ്കുമാറിന്റെ ഭാര്യ എന്‍.കെ ഷൈബിക്ക് ഒറ്റത്തവണ ധനസഹായമായി 10 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിയുടെ തനതു ഫണ്ടില്‍ നിന്നും അനുവദിക്കും.
Discussion about this post