പത്തനംതിട്ട: കാണാതായതിനെ തുടർന്ന് വീട്ടുകാരും പോലീസും തിരച്ചിൽ നടത്തുന്നതിനിടെ വീട്ടമ്മയെ പമ്പാനദിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പത്തനംതിട്ട പ്രക്കാനം സ്വദേശി രമാദേവി(60)യുടെ മൃതദേഹമാണ് ആറന്മുള സത്രക്കടവിൽനിന്ന് കണ്ടെത്തിയത്.
ഇവരെ തിങ്കളാഴ്ച മുതൽ ദുരൂഹസാഹചര്യത്തിൽ കാണാതായിരുന്നു. പിന്നീട് വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പമ്പാനദിയിൽ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ക്ഷേമനിധി ഓഫീസിലേക്കെന്ന് പറഞ്ഞാണ് രമാദേവി വീട്ടിൽനിന്ന് പോയത്. മൊബൈൽഫോണും എടുത്തിരുന്നില്ല. ഏറെനേരം കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്താതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
വിവിധസ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്ത് രമാദേവി ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്ന സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചു. ഇക്കാര്യം ഓട്ടോഡ്രൈവറും സ്ഥിരീകരിച്ചിരുന്നു. പിന്നീട് രമാദേവി എങ്ങോട്ട് പോയെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഈ കേസിൽ വിപുലമായ അന്വേഷണം തുടരുന്നതിനിടെയാണ് ബുധനാഴ്ച ഉച്ചയോടെ രമാദേവിയുടെ മൃതദേഹം പമ്പാനദിയിൽ നിന്നും കണ്ടെത്തിയത്.സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)