കൂത്താട്ടുകുളം: റോഡരികിൽ ചിതറിതെറിച്ചു കിടന്നിരുന്ന പണം കിട്ടിയ കുട്ടികൾ നേരെ പോലീസ് സ്‌റ്റേഷനിലെത്തിച്ചി മാതൃകയായി. കളഞ്ഞു കിട്ടിയ പണം ഒരു രൂപ പോലും കുറയാതെ പോലീസ് സ്റ്റേഷനിൽ ഏൽപിച്ചത് ബാപ്പുജി ഇംഗ്ലിഷ് മീഡിയം സ്‌കൂൾ കുട്ടികളാണ്.
തിങ്കളാഴ്ച വൈകിട്ട് സ്‌കൂൾ വിട്ടു വരുന്ന വഴിയാണ് പെട്രോൾ പമ്പിന് മുൻപിൽ 500 രൂപ നോട്ടുകൾ ചിതറിക്കിടക്കുന്നത് വിദ്യാർത്ഥികളുടെ ശ്രദ്ധയിൽ പെട്ടത്. കിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏൽപിക്കാൻ തീരുമാനിക്കുകയായിരുന്നു.
പത്താം ക്ലാസ് വിദ്യാർഥികളായ എയ്ഞ്ചല സാറ സിബി, പ്രത്യക്ഷ ഷാജു, അഞ്ജന സുരേഷ്, വൈശാഖി രാജേഷ്, ആൻസ് മേരി ഷിബു, സോജൻ മാത്യു, അനീവ് ജോൺ സജി, അലക്‌സ് ബിജോ, അരുന്ധ ബൈജു, ആദിൻ കൃഷ്ണ എന്നിവരാണ് പണവുമായി സ്റ്റേഷനിൽ എത്തിയത്.
റോഡിൽ നിന്നും കിട്ടിയത് 3,000 രൂപയായിരുന്നു. എഎസ്‌ഐ എസ് പ്രവീൺകുമാർ പണം ഏറ്റുവാങ്ങി. കുട്ടികളുടെ സത്യസന്ധതയെ അഭിനന്ദിച്ച് ചായയും ലഘു ഭക്ഷണവും നൽകിയാണ് പോലീസ് ഇവരെ മടക്കി അയച്ചത്. പണത്തിന്റെ ഉടമയെ കണ്ടെത്താനായിട്ടില്ല.