കോഴിക്കോട്: ടൗൺ എസ്‌ഐ ആണെന്ന പേരിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഹോട്ടലിൽ മുറിയെടുത്ത് വിശ്രമിച്ച ശേഷം പണം നൽകാതെ മുങ്ങിയ ഗ്രേഡ് എസ്‌ഐ പോലീസ് സേനയ്ക്ക് തന്നെ നാണക്കേടാകുന്നു. ഇയാൾക്കെതിരെ പോലീസ് വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂർ വിശ്രമിക്കാൻ മുറിയെടുത്തെങ്കിലും തിരിച്ചു പോകുമ്പോൾ ബാക്കി പണം നൽകിയിരുന്നില്ല. തുടർന്ന് ഹോട്ടൽ ജീവനക്കാർ ‘ടൗൺ’ എസ്‌ഐയെ അന്വേഷിച്ചപ്പോഴാണ് ആൾമാറാട്ടം ശ്രദ്ധയിൽപെട്ടത്.
പിന്നീട് ഈ വിവരം മറ്റു പോലീസുകാർ അറിഞ്ഞതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു വാർത്ത. തുടർന്നാണ് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണം നടത്താൻ തീരുമാനമായത്. കഴിഞ്ഞ 10ന് ആണ് സ്ത്രീയുമൊത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഹോട്ടലിൽ മുറിയെടുത്ത് എസ്‌ഐ വിശ്രമിക്കാനെത്തിയത്.
ടൗൺ സ്റ്റേഷൻ പരിധിയിലെ ഹോട്ടൽ ആയതിൽ താൻ ടൗൺ എസ്‌ഐ ആണെന്നും അൽപ സമയത്തേക്കു മുറി വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.ഹോട്ടൽ റജിസ്റ്ററിൽ ടൗൺ എസ്‌ഐ എന്നാണ് രേഖപ്പെടുത്തിയിരുന്നതും. ഒരു മണിക്കെത്തിയ അദ്ദേഹം വൈകിട്ട് 4 ന് തിരിച്ചുപോയി.
എന്നാൽ ബാലൻസായ ഹോട്ടൽ വാടക 1,000 രൂപ നൽകിയില്ല. പണം ലഭിക്കാത്ത സാഹചര്യത്തിൽ ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഹോട്ടൽ സിസിടിവി ദൃശ്യം ബന്ധപ്പെട്ടവർ പരിശോധിച്ചു. ഹോട്ടൽ റജിസ്റ്റർ പരിശോധിച്ചപ്പോൾ ആൾമാറാട്ടം നടത്തിയതായും കണ്ടെത്തി.
അതേസമയം, വിവരം പരസ്യമായിട്ടും സംഭവത്തിൽ കേസെടുക്കാതെ വകുപ്പുതല നടപടിയാണ് ആരംഭിച്ചതെന്നാണ് ആക്ഷേപം. എന്നാൽ, പരാതി ഇല്ലെന്നു പ്രചരിപ്പിച്ച് പോലീസ് അസോസിയേഷൻ നേതാവു കൂടിയായ എസ്‌ഐയെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതായി സേനയിലുള്ള ഒരു വിഭാഗം പറയുന്നു.നേരത്തേയും ഇത്തരത്തിൽ ആൾമാറാട്ടം നടത്തിയതായി ആരോപണമുണ്ട്.
കൂടാതെ, മണൽ മാഫിയ സംഘത്തലവന് ഒത്താശ ചെയ്യുകയും അറസ്റ്റ് വിവരങ്ങൾ ചോർത്തുകയും ചെയ്‌തെന്ന ആരോപണത്തിലാണ് ഇദ്ദേഹത്തെ ബേപ്പൂർ സ്റ്റേഷനിൽ നിന്നും ട്രാഫിക് യൂണിറ്റിലേക്ക് സ്ഥലം മാറ്റിയത്.