തിരുവനന്തപുരം: ബാലരാമപുരം മതപഠന കേന്ദ്രത്തിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെ (20) പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടത്തിയിരുന്നു. ഇതിന് പിന്നാലെ ഹാഷിമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഒരു വര്‍ഷം മുമ്പാണ് പീഡനം നടന്നതെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് ബാലരാമപുരം പോലീസെടുത്ത പോക്സോ കേസ് പൂന്തുറ പോലീസിന് കൈമാറിയിരുന്നു.
പൂന്തുറ സ്വദേശി ഹാഷിം ഖാനെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി യുവാവ് അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ ആത്മഹത്യയുമായി ഇതിന് ബന്ധമുണ്ടോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
മതപഠനശാലയില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. ഈ മാസം 13 നാണ് പെണ്‍കുട്ടി മരിക്കുന്നത്. മതപഠനശാലയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിക്കുമ്പോഴാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് ലഭിക്കുന്നത്. ഇതിന് ആറുമാസം മുമ്പെങ്കിലും പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തി ചേര്‍ന്നത്.
പോക്സോ കേസ് പൂന്തുറ പോലീസും മതപഠന കേന്ദ്രത്തിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസുകള്‍ നെയ്യാറ്റിന്‍കര എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘവുമാണ് അന്വേഷിക്കുന്നത്. മതപഠന കേന്ദ്രത്തിലെ അധ്യാപകരില്‍ നിന്നോ മറ്റ് ജീവനക്കാരില്‍ നിന്നോ പെണ്‍കുട്ടിക്ക് ശാരീരികമോ മാനസികമോ ആയ പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.