കൊച്ചി: അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകി ട്വന്റി- ട്വന്റി ചീഫ് കോർഡിനേറ്റർ സാബു ജേക്കബ്. തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണമെന്നും ഹരജിയിൽ പറയുന്നുണ്ട്.
അരിക്കൊമ്പൻ കേരളത്തിന്റെ സ്വത്താണ്. കേരളത്തിന്റെ വനമേഖലയിലുള്ള ആനയാണ് അരിക്കൊമ്പൻ. കേരള ഹൈക്കോടതി നിർദേശപ്രകാരമാണ് അരിക്കൊമ്പനെ പെരിയാറിൽ കൊണ്ടുപോയത്. അരിക്കൊമ്പന് സുരക്ഷ ഉറപ്പാക്കണം. ആവശ്യമായ ചികിത്സ നൽകണം.
ഇപ്പോഴത്തെ സ്ഥിതിയിൽ അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കേരള സർക്കാർ ഇടപെടണം. അരിക്കൊമ്പന്റെ തുമ്പിക്കൈക്ക് മുറിവേറ്റിട്ടുണ്ട്. അരിക്കൊമ്പന് ആവശ്യമായ ചികിത്സ നൽകണം. അരിക്കൊമ്പനെ പിടികൂടണ്ട, മയക്ക് മരുന്ന് വെക്കണ്ടയെന്നല്ല ഞങ്ങൾ ഉദ്ദേശിക്കുന്നത്. പകരം അരിക്കൊമ്പനെ സുരക്ഷിതമായിടത്ത് മാറ്റണം എന്നും ഹർജിയിൽ പറയുന്നു.
അരികൊമ്പനെ ചിന്നക്കനാലിനോട് ബന്ധപ്പെട്ട് നിൽക്കുന്ന പെരിയാർ വന്യജീവി സങ്കേതത്തിന് പകരം മറ്റ് ഏതെങ്കിലും വനത്തിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് കേരള സർക്കാറിനെയും കേന്ദ്ര സർക്കാറിനെയും തമിഴ്നാട് ചീഫ് സെക്രട്ടറിയേയും എതിർ കക്ഷിയാക്കിയാണ് സാബു ജേക്കബ് ഹർജി നൽകിയത്.
ഇതിനിടെ, അരിക്കൊമ്പനെ പിടികൂടാൻ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ തമിഴ്‌നാട് വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്. മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് അഞ്ചംഗ ആദിവാസി സംഘത്തിലുള്ളത്.