അങ്ങാടിപ്പുറം: ക്ഷേത്രക്കുളത്തില്‍ വീണ വില കൂടിയ ഐ ഫോണ്‍ കണ്ടെത്തി നല്‍കി
അഗ്‌നിരക്ഷാ സേന. പാണ്ടിക്കാട് ഒറവംപുറത്തെ ശരത്തിന്റെ ഐ ഫോണ്‍ ആണ് കുളത്തില്‍ വീണത്. പെരിന്തല്‍മണ്ണ യൂണിറ്റിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ മുഹമ്മദ് ഷിബിനും എം കിഷോറും ഫോണ്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ ഏറാംതോട് മീന്‍കുളത്തിക്കാവ് ക്ഷേത്രക്കുളത്തിലേക്ക് പാണ്ടിക്കാട് ഒറവംപുറത്തെ ശരത്തിന്റെ ഐ ഫോണ്‍ വീണത്. ഒരു ലക്ഷത്തോളം രൂപയുള്ള ഫോണായിരുന്നു. ശരത്തും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും ഏറെ നേരം കുളത്തില്‍ തെരഞ്ഞെങ്കിലും ഫോണ്‍ കിട്ടിയില്ല.
ഇതോടെയാണ് യുവാവ് പെരിന്തല്‍മണ്ണ യൂണിറ്റ് അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചത്. എന്നാല്‍ ഫയര്‍ഫോഴ്സ് സംഘമെത്തിയതോടെ ആരോ വെള്ളത്തില്‍ പോയെന്ന് കരുതി നാട്ടുകാരും കുളത്തിന് ചുറ്റും കൂടി. പിന്നീടാണ് തെരച്ചില്‍ നടക്കുന്നത് ഐ ഫോണിന് വേണ്ടിയാണെന്ന് നാട്ടുകാര്‍ അറിയുന്നത്. ഇതോടെ നാട്ടുകാരുടെ ആശങ്ക കൗതുകമായി. എട്ട് മീറ്ററോളം ആഴമുള്ള കുളത്തിന്റെ അടിഭാഗത്ത് ചളി നിറഞ്ഞ നിലയിലാണുള്ളത്.
സ്‌കൂബ ഡൈവിംഗ് ഉപകരണങ്ങള്‍ ധരിച്ച് വെള്ളത്തില്‍ മുങ്ങിയാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ മുഹമ്മദ് ഷിബിനും എം കിഷോറും ഫോണ്‍ കണ്ടെത്തിയത്. പത്ത് മിനിട്ടോളം തിരഞ്ഞാണ് ഫോണ്‍ കണ്ടെത്തിയത്. ഇത് ശരത്തിന് കൈമാറി. ഫോണിന് കാര്യമായ കേടുപാടുകളില്ലെന്നാണ് ശരത്തിന്റെ പ്രതികരണം. ഫോണ്‍ കിട്ടിയ ശരത്ത് അഗ്‌നിരക്ഷാ സേനയോട് നന്ദി പറഞ്ഞു. പ്രവര്‍ത്തനത്തില്‍ ഓഫീസര്‍മാരായ അഷ്റഫുദ്ദീന്‍, പി മുരളി എന്നിവരും പങ്കെടുത്തു.