തിരുവനന്തപുരം: തിരുവനന്തപുരത്തുള്ള പ്രമുഖ വ്യാപാര സ്ഥാപനത്തിൽ വെച്ച് പെൺകുട്ടി ഉൾപ്പടെയുള്ള സ്ത്രീകളോട് അപമര്യാദയായി പെരുമാറിയയാളെ ഒടുവിൽ പിടികൂടാനൊരുങ്ങി പോലീസ്. ഇയാളെ തിരിച്ചറിയാനായി സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ഈ വ്യാപാരസ്ഥാപനത്തിൽ വെച്ച് പ്രായപൂർത്തിയായ പെൺകുട്ടിക്ക് നേരെ ഇയാൾ അതിക്രമം കാണിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ പോലീസിൽ പരാതിയും നൽകി.
എന്നാൽ അച്ഛന്റെ പരാതിയിൽ ഒരു മാസം കഴിഞ്ഞിട്ടും വഞ്ചിയൂർ പോലിസ് കേസ് എടുക്കാൻ തയ്യാറായിരുന്നില്ല. ഇത് വലിയ വിവാദമായിരുന്നു. ഏറെ നാളുകൾക്ക് ശേഷം കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ രഹസ്യമൊഴി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് പോലീസ് പെൺകുട്ടിയോട് മോശമായി പെരുമാറിയയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. ആയുർവേദ കോളേജിന് അടുത്തുള്ള പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിലെത്തിയ പെൺകുട്ടിയോട് ഒരാൾ മോശമായി പെരുമാറുകയായിരുന്നു. പരാതിയെ തുടർന്ന് ഇയാളെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞുവച്ചുവെങ്കിലും പോലീസ് എത്തുന്നതിന് മുമ്പ് വിട്ടയച്ചു.
ഇതോടെയാണ് കുട്ടിയുടെ അച്ഛൻ വഞ്ചിയൂർ പോലീസിൽ പരാതി നൽകിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പെൺകുട്ടിയെ കൂടാതെ മറ്റ് സ്ത്രീകളെയും ഇയാൾ ഉപദ്രവിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എന്നിട്ടും കേസെടുക്കാനോ അന്വേഷിക്കാനോ പോലീസ് തയ്യാറായില്ല.
നടപിയൊന്നും ഇല്ലാതിരുന്നതോടെ ഒരു മാസത്തിന് ശേഷം പെൺകുട്ടിയുടെ അച്ഛൻ ഡിജിപിക്ക് പരാതി നൽകിതോടെയാണ് വഞ്ചിയൂർ പോലീസ് പരാതിയിൽ നടപടിയെടുത്തത്. ഇന്നലെ കേസെടുത്ത പോലീസ് ഇന്ന് കുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. പോക്‌സോ പ്രകരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു.
ബാഗ് തൂക്കി പ്രതി വ്യാപാര സ്ഥാപനത്തിന്റെ പല നിലകളിൽ കയറിഇറങ്ങി സ്ത്രീകളെ ശല്യം ചെയ്യുന്ന പ്രതിയെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ വഞ്ചിയൂർ പൊലീസിനെയോ പോലിസ് കൺട്രോൾ റൂമിലോ വിവരമറിയിക്കണമെന്ന് തിരുവനന്തപുരം ഡിസിപി അറിയിച്ചിട്ടുണ്ട്.
Discussion about this post