ശാസ്തമംഗലം: റവന്യൂവകുപ്പിലെ അഴിമതി വിജിലൻസ് വീക്ഷിക്കുന്നതിനിടെ കൈക്കൂലിക്കെതിരെ പരാതി നൽകി ശാസ്തമംഗലത്തെ വില്ലേജ് ഓഫീസ്. പോക്കുവരവ് ചെയ്യാനായി ഏജന്റ് പണം വാങ്ങിയെന്ന് വെളിപ്പെടുത്തിയ അപേക്ഷകന് എതിരെയാണ് ശാസ്തമംഗലം വില്ലേജ് ഓഫീസർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
വട്ടിയൂർക്കാവ് സ്വദേശി പ്രതാപനാണ് പോക്കുവരവ് അപേക്ഷയുമായി ശാസ്തമംഗംലം വില്ലേജ് ഓഫീസിനെ സമീപിച്ചത്. ഇവിടെ വെച്ച് ഓഫീസിന് മുന്നിൽ അപേക്ഷകൾ എഴുതാനിരിക്കുന്നയാൾ എല്ലാം ശരിയാക്കാമെന്ന് ഏൽക്കുകയായിരുന്നു. ഉദ്യോഗസ്ഥർക്ക് നൽകാനെന്ന പേരിൽ പണവും വാങ്ങി.
പിന്നീട് പ്രതാപൻ തന്നെയാണ് ഇക്കാര്യം ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് പറഞ്ഞതും. ഇതോടെയാണ് വില്ലേജ് ഓഫീസർ വിജിലൻസിനെ വിവരമറിയിച്ചത്. പണം കൈയോടെ പിടികൂടാത്തതിനാൽ പോലീസിനെ അറിയിക്കാനാണ് വിജിലൻസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. ഇതോടെ പരാതി മ്യൂസിയം പൊലീസിൽ എത്തിപ്പോൾ പ്രതാപനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റായതിനാലാണ് പണം വാങ്ങിയ ഏജന്റിനെയും പണം നൽകിയ പ്രതാപനേയും പ്രതി ചേർക്കണമെന്ന് വില്ലേജ് ഓഫീസർ സിമി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വില്ലേജ് ഓഫീസറുടെ മൊഴിയെടുത്ത ശേഷം തുടർ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.