തന്ത്രം പാളി; അരികൊമ്പനെ പുളിമരത്തോട്ടത്തിൽ വെച്ച് മയക്കുവെടി വെക്കാനിരിക്കെ ഡ്രോൺ പറത്തി യൂട്യൂബർമാർ; കൊമ്പൻ പുറത്തേക്ക്; യുവാക്കൾ അറസ്റ്റിൽ

കമ്പം: അരികൊമ്പൻ കമ്പം ടൗണിൽ പരാക്രമം നടത്തുന്ന സാഹചര്യത്തിൽ മയക്കുവെടി വെച്ച് കാടുകയറ്റാൻ ഉറച്ച് തമിഴ്‌നാട് വനംവകുപ്പ്. കേരള അതിർത്തിയോടു ചേർന്ന് തമിഴ്‌നാട്ടിലെ കമ്പം ടൗണിൽ ജനങ്ങൾക്ക് ആന ഭീതിയായതോടെയാണ് മയക്കുവെടി വെയ്ക്കാൻ സർക്കാർ വനംവകുപ്പിന് അനുമതി നൽകിയത്.

ഇതിനിടെ, പരാക്രമം കാട്ടിയതിനുശേഷം പുളിമരത്തോട്ടത്തിൽ കയറി നിലയുറപ്പിച്ചിരുന്ന കാട്ടാനയെ മയക്കുവെടിവെയ്ക്കാനായിരുന്നു നീക്കം. എല്ലാ സജ്ജീകരണങ്ങളും തയ്യാറായതിനിടെ അരിക്കൊമ്പൻ തിരിച്ചിറങ്ങിയത് ദൗത്യത്തിന് വെല്ലുവിളിയായി.

തുടർന്ന് ജനവാസ മേഖലയ്ക്കു സമീപം കൃഷിത്തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ് അരി കൊമ്പൻ. കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനു പ്രദേശത്ത് രണ്ടു യുവാക്കൾ ചേർന്ന് ഡ്രോൺ പറത്തിയതിനെ തുടർന്നാണ് ആന പുളിമരത്തോട്ടത്തിൽനിന്ന് പുറത്തിറങ്ങിയത്. യൂട്യൂബ് ചാനൽ നടത്തുന്ന ഇവരിൽ ഒരാള തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുളിമരത്തോട്ടത്തിൽവച്ച് മയക്കുവെടിവച്ച് അരിക്കൊമ്പനെ പിടികൂടാനുള്ള പദ്ധതി തകർന്നതോടെയാണ് അറസ്റ്റ്.

ALSO READ- പാർലമെന്റ് ഉദ്ഘാടനത്തിൽ ജനം വലിയ ആവേശത്തിലെന്ന് മോഡി; കൂട്ടത്തോടെ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; സെലിബ്രിറ്റികളും ചെങ്കോൽ നിർമ്മിച്ച വുമ്മിടി കുടുംബവും ചടങ്ങിന്

അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടി മേഘമല കടുവാസങ്കേതത്തിനുള്ളിൽ വിടാനാണ് തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ദൗത്യത്തിനായി ആനമലയിൽനിന്നു മൂന്നു കുങ്കിയാനകളെ എത്തിക്കും. കമ്പം മേഖലയിൽ അതീവജാഗ്രത നിർദേശമുണ്ട്. കമ്പം ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനം പുറത്തിറങ്ങരുതെന്നു നിർദേശം നൽകി. കമ്പംമേട്ട് റൂട്ടിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ആന നാട്ടിലിറങ്ങാതിരിക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കുന്നുണ്ട്. ഇന്നു രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ വൻതോതിൽ ഭീതി സൃഷ്ടിച്ചിരുന്നു.

Exit mobile version