മലപ്പുറം: തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. സിദ്ദിഖിനെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കാനുള്ള പദ്ധതി ചിക്കു എന്ന ആഷിഖിന്റേത് എന്ന് പോലീസ് സ്ഥിരീകരിച്ചു.
സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണോ എന്ന സംശയം ആദ്യം പോലീസിന് ഉണ്ടായിരുന്നെങ്കിലും ഹണി ട്രാപ്പ് പദ്ധതി പരാജയപ്പെട്ടതാണ് കൊലയിലേക്ക് നയിച്ചതെന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ് വ്യക്തമാക്കി.
ഹോട്ടലിൽ പ്രതികൾ മുറിയെടുത്തത് കത്തിയും ചുറ്റികയുമടക്കമുള്ള ആയുധങ്ങൾ കൈയ്യിൽ കരുതിയാണെന്നും വ്യക്തമായി. ഫർഹാനയും സംഘവും ഹണിട്രാപ്പിന് പദ്ധതിയിട്ടിരുന്നു. ഹണി ട്രാപ്പിനായി സിദ്ദിഖിനെ നഗ്നാക്കി ഫർഹാനയ്ക്കൊപ്പം നിർത്തി ചിത്രമെടുക്കാനായിരുന്നു പദ്ധതി. അഥവാ ചെറുത്താൽ മർദ്ദിക്കാനാണ് ആയുധങ്ങൾ കൈയ്യിൽ കരുതിയതും.
എന്നാൽ, സിദ്ദിഖ് പ്രതിരോധിച്ചതോടെ ഷിബിലിയടക്കം മൂവരും ചേർന്ന് സിദ്ദിഖിനെ മർദ്ദിക്കുകയായിരുന്നു. ഈ സമയത്ത് ഫർഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ധിഖിന്റെ തലയ്ക്ക് ആഞ്ഞടിച്ചു. ഈ സമയത്ത് ആഷിഖ് സിദ്ധിഖിന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി. വാരിയെല്ലുകൾ തകർന്നു. ശ്വാസകോശത്തിലടക്കം മുറിവേൽക്കുകയും ചെയ്തു.
ALSO READ- നഗ്നനാക്കി ഫോട്ടോയെടുത്ത് പണം തട്ടാന്‍ ശ്രമം, ഹോട്ടല്‍ ഉടമയുടെ കൊലപാതകം ഹണിട്രാപ്പിനിടെ
സിദ്ദിഖ് മരിച്ചെന്ന് ഉറപ്പായതോടെ പ്രതികൾ കോഴിക്കോട് നിന്ന് ട്രോളി ബാഗ് വാങ്ങി വന്ന് മൃതദേഹം കയറ്റാൻ ശ്രമിച്ചു. എന്നാൽ, മൃതദേഹം ഒരു ബാഗിൽ ഒതുങ്ങുന്നില്ലെന്ന് കണ്ടതോടെ വീണ്ടും കോഴിക്കോട്ടേക്ക് പോയി ഇലക്ട്രിക് കട്ടറും മറ്റൊരു ട്രോളി ബാഗും കൂടി വാങ്ങി. ഹോട്ടൽ മുറിയിലെ ശുചിമുറിയിൽ വച്ച് സിദ്ദിഖിന്റെ മൃതദേഹം കട്ടർ ഉപയോഗിച്ച് മുറിച്ചാണ് രണ്ട് പെട്ടികളിലാക്കി.
മേയ് 19നാണ് മൃതദേഹവുമായി അട്ടപ്പാടിയിലേക്ക് പോകുന്നത്. അവിടെയെത്തി ഏറ്റവും മുകളിൽ നിന്ന് പെട്ടികൾ കൊക്കയിലേക്ക് തള്ളി. അട്ടപ്പാടിയിലേക്ക് പോകാനും മൃതദേഹം അവിടെ കൊക്കയിൽ ഉപേക്ഷിക്കാനുമുള്ള പദ്ധതി ആഷിഖിന്റേതായിരുന്നു.
സിദ്ദിഖിനെ കാണാതായ മെയ് 18ന് തന്നെ ഫോൺ സ്വിച്ച് ഓഫായിരുന്നു. സിദ്ദിഖിനെ കാണാതാകുകയും പിന്നാലെ അക്കൗണ്ടിൽ നിന്ന് എടിഎം ഉപയോഗിച്ച് പണം പിൻവലിക്കുകയും ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തിരുന്നു.
ഇത് തിരിച്ചറിഞ്ഞതോടെയാണ് കുടുംബം മെയ് 22ന് പോലീസിൽ പരാതി നൽകിയത്. സിദ്ദിഖിന്റെ മകന്റെ ഫോണിലേക്കായിരുന്നു ട്രാൻസാക്ഷൻ മെസേജുകൾ വന്നിരുന്നത്.
Discussion about this post