വര്‍ക്കല: റെയില്‍വേ ട്രാക്കിന് സമീപം കളിച്ചുകൊണ്ടിരിക്കെ ട്രെയിനിടിച്ച് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. ഇടവ പാറയില്‍ കണ്ണമ്മൂട് എ കെ ജി വിലാസത്തില്‍ ഇസൂസി – അബ്ദുല്‍ അസീസ് ദമ്പതികളുടെ ഇളയമകള്‍ സോഹ്റിന്‍ ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 നായിരുന്നു നാടിനെ വേദനയിലാഴ്ത്തിയ ദാരുണമായ സംഭവം. കുട്ടിയുടെ വീട് റെയില്‍വേ ട്രാക്കിന് സമീപത്തായിരുന്നു. വീട്ടില്‍ സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി.
ഇതിനിടെ കുട്ടി ട്രാക്കിലേക്ക് ഇറങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവം ആരും കണ്ടിരുന്നില്ല. അപകടം നടന്ന് ആളുകള്‍ ഓടിയെത്തിയെങ്കിലും കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല.
വീട്ടിലും പരിസരത്തുമൊന്നും മകനെ നോക്കിയിട്ട് കാണാത്തത് കൊണ്ട് ട്രാക്കിലെ ആള്‍ക്കൂട്ടം കണ്ട് മാതാവ് ഓടി എത്തുമ്പോഴാണ് സോഹ്റിനെ തിരിച്ചറിയുന്നത്. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post