ഇടുക്കി: നാടിനെ ഒന്നടങ്കം ഭീതിയിലാഴ്ത്തി അരിക്കൊമ്പന്‍ കമ്പം ടൗണിലിറങ്ങി. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയില്‍ എത്തിയത്. അരിക്കൊമ്പനെ കണ്ടതോടെ ജനം പരിഭ്രാന്തിയിലായി.
ആനയെ ഓടിക്കാന്‍ പിന്നാലെ കൂക്കിവിളിച്ച് ഓടുകയാണ് ജനം. വിവരം അറിഞ്ഞ് വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി. ലോവര്‍ ക്യാമ്പില്‍ നിന്നും വനാതിര്‍ത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം.
കഴിഞ്ഞ രാത്രി തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ ആനയുടെ സിഗ്‌നല്‍ നഷ്ടമായി.
ഇതോടെ വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് ആന കമ്പത്ത് ജനവാസ മേഖലയില്‍ എത്തിയെന്ന് വ്യക്തമായത്. നിലവില്‍ ചിന്നക്കനാല്‍ ദിശയിലാണ് അരിക്കൊമ്പനുള്ളത്. കമ്പത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാല്‍ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവുമെന്നാണ് വിവരം.