ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ വന്‍തീപിടുത്തം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
മെഡിക്കല്‍ കോളേജിന് സമീപത്തെ ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് തീയും പുകയും ഉയര്‍ന്നത്. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും അഗ്‌നിരക്ഷാ സേനയുമാണ് അര മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കിയത്.
മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കെട്ടിടത്തില്‍ പത്തുദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ തീപിടിത്തമാണിത്. 3500 ചാക്കുകളിലായാണ് ഇവിടെ ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്നത്. ഇതു പൂര്‍ണമായും കത്തി നശിച്ചു.
്അതേസമയം, തൊട്ടടുത്തുള്ള മരുന്ന് ഗോഡൗണിലേക്കും തീ പടര്‍ന്നു. ഓട്ടോമാറ്റിക് സംവിധാനം പ്രവര്‍ത്തിച്ചതിനാല്‍ പെട്ടെന്ന് തന്നെ തീ അണച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അഗ്‌നിരക്ഷാ സേന സ്ഥലത്ത് എത്തിയത്.
നേരത്തെ കോര്‍പറേഷന്റെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മരുന്ന് ഗോഡൗണുകള്‍ക്ക് തീ പിടിച്ചിരുന്നു.