കോഴിക്കോട്: ഹോട്ടലുടമയെ കൊലപ്പെടുത്തി മൂന്നായി മുറിച്ച് ട്രോളി ബാഗുകളിൽ കൊണ്ടുപോയി ഉപേക്ഷിച്ച കേസിൽ ഒഴിയാതെ ദുരൂഹതകൾ. മൃതദേഹം അട്ടപ്പാടിയിലെ ഒൻപതാം വളവ് കൊക്കയിലാണ് പ്രതികൾ ഉപേക്ഷിച്ചത്. കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖാണ് ആദ്യം എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തതെന്ന് വ്യക്തമായി. ലോഡ്ജിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മേയ് 18-ന് ലോഡ്ജിലെത്തിയ സിദ്ദിഖിനെ പിന്നീട് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് ഹോട്ടലിലെ ജീവനക്കാരും പറയുന്നു. മുറിയെടുത്ത് റൂമിലേക്ക് പോയ സിദ്ദിഖിനെ പിന്നെയാരും ജീവനോടെ കണ്ടിട്ടില്ല. മേയ് 18-ാം തീയതി ലോഡ്ജിൽ ആദ്യമെത്തി സിദ്ദിഖ് മുറിയെടുത്തി. പിന്നീടാണ് പ്രതികളായ ഫർഹാനയും ഷിബിലിയുമെത്തി റൂമെടുത്തത്.
19-ാം തീയതി ലോഡ്ജിൽനിന്ന് പോകുന്നതിന് മുൻപ് ഷിബിലും ഫർഹാനയും മുറിയിൽനിന്ന് പുറത്തേക്ക് പോയിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ സ്വദേശി മേച്ചേരി സിദ്ദിഖി(58)നെ എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽവെച്ചാണ് പ്രതികൾ കൊലപ്പെടുത്തിയത്. എങ്ങനെയാണ് കൊലപാതകം എന്നത് വ്യക്തമായിട്ടില്ല.
ALSO READ- പ്രൊബേഷൻ കഴിയുന്നതിന് മുൻപ് വിഇഒ കൈക്കൂലി കേസിൽ പിടിയിൽ; ഇനി സർവീസിൽ തുടരാൻ കോടതി കനിയണം
കൊലയ്ക്ക് ശേഷം മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗുകളിലാക്കി കാറിന്റെ ഡിക്കിയിൽ കയറ്റി അട്ടപ്പാടി ചുരത്തിലെ ഒൻപതാംവളവിൽനിന്ന് കൊക്കയിൽ ഉപേക്ഷിക്കുകയായിരുന്നു.
ഇതിനിടെ സിദ്ദിഖിനെ നിരന്തരം ഫോണിലേക്ക് വിളിച്ചിട്ട് കിട്ടാതായതോടെയാണ് ബന്ധുക്കൾ സിദ്ദിഖിനെ കാണാനില്ലെന്ന പരാതിയുമായി തിരൂർ പോലീസിനെ സമീപിച്ചത്. മേയ് 18-ാം തീയതി മുതൽ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് രണ്ട് ലക്ഷത്തോളം രൂപ പിൻവലിച്ചിരുന്നു. ഇതുസംബന്ധിച്ച് മകന് സന്ദേശം ലഭിച്ചിരുന്നു. ഇക്കാര്യവും ഫോൺ സ്വിച്ച് ഓഫ് ആണെന്നതും വ്യക്തമായതോടെയാണ് സംശയത്തിനിടയാക്കിയത്.