കൈപ്പമംഗലം: പ്രൊബേഷൻ കാലം കഴിയും മുൻപ് കൈക്കൂലി കേസിൽ പിടിയിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്ക് സർവീസിൽ തിരികെ കയറാൻ വിയർപ്പൊഴുക്കേണ്ടി വരും. കൈപ്പമംഗലത്തെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിആർ വിഷ്ണുവാണ് കൈക്കൂലിക്കേസിൽ പിടിയിലായത്.
പഞ്ചായത്ത് അംഗത്തോട് കൈക്കൂലി ചോദിച്ച് വാങ്ങിയതിന് പിന്നാലെയാണ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിഷ്ണുവിന് പിടിവീണത്. കഴിഞ്ഞ ജനുവരി പത്തിനാണ് പിആർ വിഷ്ണു കൈപ്പമംഗലത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായി എത്തിയത്.
അതേസമയം, ഇയാൾ സർവ്വീസിൽ കയറിയിട്ട് ഒന്നരക്കൊല്ലമായിട്ടുള്ളൂ എന്നതിനാൽ തന്നെ ഗുരുതരാ വീഴ്ചയായാണ് കണക്കാക്കുന്നത്. പഞ്ചായത്തിലെ ഭവന നിർമ്മാണം, പുനരുദ്ധാരണം, ശുചിത്വ പദ്ധതി എന്നിവയിലെ പണം വിതരണം ചെയ്യുന്നതും നിർമാണം വിലയിരുത്തുന്നതും വിഇഒയുടെ ചുമതലയായിരുന്നു.
എന്നാൽ, ചുമതലയേറ്റ് ഒരുമാസത്തിനകം വിഷ്ണുവിനെപ്പറ്റി വ്യാപക പരാതി ഉയർന്നിരുന്നതായി പഞ്ചായത്ത് അംഗങ്ങൾ പറയുന്നു. പിന്നാലെ പഞ്ചായത്ത് സെക്രട്ടറി വിഷ്ണുവിനെ ഒരുവട്ടം താക്കീതും ചെയ്തിരുന്നു. എങ്കിലും ഇയാൾ കൈക്കൂലി ഈടാക്കുന്നത് തുടർന്നിരുന്നു.
ഒടുവിൽ പഞ്ചായത്ത് അംഗം ഷെഫീഖിനോടു കൈക്കൂലി ചോദിച്ചതോടെയാണ് ഇയാൾ വിജിലൻസ് പിടിയിലായത്. ഫെബ്രുവരി പത്തിനാണ് ഇയാൾ അറസ്റ്റിലായത്. അന്നു തന്നെ വിഷ്ണുവിനെ സർവ്വീസിൽ നിന്ന് സസ്പന്റ് ചെയ്തിരുന്നു. സസ്പൻഷൻ കാലത്ത് ജീവന ബത്തയായി പകുതി ശമ്പളം ലഭിക്കുന്നുണ്ട്.
അതേസമയം, കേസിൽ മൂന്നുമാസം പിന്നിടുന്നതിനിടെ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വിജിലൻസ് ഡയറക്ടറുടെ പരിശോധനയ്ക്ക് ശേഷം കുറ്റപത്രം കോടതിയിലെത്തും.
നിലവിൽ സസ്പൻഷനിലാവുന്ന ഉദ്യോഗസ്ഥരുടെ വകുപ്പുതല നടപടി ആറുമാസത്തിനുള്ളിൽ പുന:പരിശോധിക്കാമെന്നാണ് ചട്ടം. എന്നാൽ പ്രൊബേഷൻ പൂർത്തിയാവും മുൻപ് കൈക്കൂലിക്കേസിൽ ഉൾപ്പെട്ടതിനാൽ സർവ്വീസിലേക്കുള്ള മടങ്ങിവരവ് വിഇഒയ്ക്ക് എളുപ്പമാകില്ല.
കൈക്കൂലി കേസിലെ കോടതി വിധിയെ ആശ്രയിച്ചിരിക്കും സസ്പൻഷനിലുള്ള ഉദ്യോഗസ്ഥനെ ജോലിയിൽ തിരിച്ചെടുക്കുന്നത് സംബന്ധിച്ച തീരുമാനമെന്നാണ് വിവരം.