കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടലുടമയെ കൊലപ്പെടുത്തി പെട്ടിയിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളിയ സംഭവത്തിൽ അടിമുടി ദുരൂഹത. കൊലപാതകവിവരം പുറത്തറിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും കൊലപാതകം എന്തിനാണെന്ന് പോലീസിന് വ്യക്തമായിട്ടില്ല. ഹോട്ടൽ വ്യാപാരിയെ കൊല്ലാൻ കാരണമെന്ത്?, എങ്ങനെ കൊലപ്പെടുത്തി, ഇവർക്കിടയിലുണ്ടായ തർക്കം എന്തായിരുന്നു, പണം കൈക്കലാക്കാൻ വേണ്ടിയായിരുന്നോ കൊലപാതകം, ഹണിട്രാപ്പ് ഉൾപ്പടെയുള്ള എന്തെങ്കിലും സംഭവത്തിന് പിന്നിലുണ്ടോ?
ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾക്കാണ് ഉത്തരം കിട്ടാനുള്ളത്. പ്രതികളെ വിശദമായി ചോദ്യംചെയ്യുന്നതോടെ വരും മണിക്കൂറുകളിൽ ഇതുസംബന്ധിച്ചെല്ലാം വ്യക്തത വരുമെന്നാണ് കരുതുന്നത്. സിദ്ദിഖിന്റെ കാർ കണ്ടെത്തി സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ചെന്നൈയിൽ പിടിയിലായ രണ്ടുപ്രതികളെയും വൈകിട്ടോടെ തിരൂരിൽ എത്തിക്കും. ഇവരെ കൂടാതെ ഒരാൾ കൂടി പോലീസ് കസ്റ്റഡിയിലുണ്ട്. ആഷിക് എന്നാളാണ് പിടിയിലായത് മൂന്നാമൻ.
കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടൽ ഉടമയായ മലപ്പുറം തിരൂർ സ്വദേശി മേച്ചേരി സിദ്ദിഖി(58)നെയാണ് ഹോട്ടലിലെ ജീവനക്കാരനായിരുന്ന പാലക്കാട് വല്ലപ്പുഴ ചെറുകോട് അച്ചീരിത്തൊടി ഷിബിൽ(22) പാലക്കാട് ചെർപ്പുളശ്ശേരി ചളവറ കൊറ്റുതൊടി ഫർഹാന (18) എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്.
കണ്ടെത്തിയ മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമുണ്ട്. മേയ് 18-നോ 19-നോ ആണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നൽകുന്നവിവരം. മേയ് 18-ാം തീയതി മുതൽ ഹോട്ടലുടമയായ സിദ്ദിഖിനെ കാണാതായിരുന്നു. എന്നാൽ, സിദ്ദീഖ് തിരൂരിലെ വീട്ടിലായിരിക്കുമെന്ന് ഹോട്ടൽ ജീവനക്കാരനും സിദ്ദിഖ് കോഴിക്കോടുണ്ടാകുമെന്ന് വീട്ടുകാരും കരുതിയതിനാൽ തുടക്കത്തിൽ സംശയമുണ്ടായില്ല.
എന്നാൽ, തൊട്ടടുത്തദിവസങ്ങളിൽ സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതോടെയാണ് സംശയമുയർന്നത്. സിദ്ദിഖിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽനിന്ന് തുടർച്ചയായി രണ്ടുലക്ഷത്തോളം രൂപ പിൻവലിച്ചതും സംശയത്തിനിടയാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിദ്ദിഖിനെ ദുരൂഹസാഹചര്യത്തിൽ കാണാതായെന്ന് മനസിലായ കുടുംബം തിരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷിബിലിയും ഫർഹാനയും ചേർന്ന് സിദ്ദിഖിനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. പ്രതികളെ ചെന്നൈയിൽ നിന്നും ഇന്നലെ രാത്രിയോടെ പിടികൂടി.