അടൂര്‍: ടിപ്പര്‍ ഇടിച്ച് എ ഐ കാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ് ഒടിഞ്ഞു. പത്തനംതിട്ടയിലെ അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനിലാണ് സംഭവം. സംഭവത്തില്‍ ടിപ്പര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
എഐ ക്യാമറക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കായംകുളത്ത് നിന്ന് അടൂരിലേക്ക് വന്ന ടിപ്പര്‍ലോറി ഇടിച്ചാണ് പോസ്റ്റ് ഒടിഞ്ഞത്. ഗതാഗത നിയമ ലംഘനത്തിന് അടുത്ത മാസം അഞ്ച് മുതല്‍ പിഴ ചുമത്താനിരിക്കെയാണ് പോസ്റ്റ് ഒടിഞ്ഞ് വീണത്.
അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയെ എഐ ട്രാഫിക് ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ നിയോഗിച്ചിട്ടുണ്ട്. അടുത്ത മാസം 5 ന് മുമ്പ് സമിതി ക്യാമറയുടെ സാങ്കേതിക വശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വിദഗ്ധ സമിതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം ചേര്‍ന്ന സാങ്കേതിക സമിതിയുടെതാണ് തീരുമാനം. ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങളില്‍ പിഴ ചുമത്തുന്നതിന് മുമ്പ് ഒരു സമിതി ക്യാമറ പ്രവര്‍ത്തനം വിലയിരുത്തണമെന്ന വ്യവസ്ഥ പ്രകാരമാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്.
Discussion about this post