പാലക്കയം: മണ്ണാർക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ കൈക്കൂലിക്കേസിൽ വിജിലൻസ് പിടിയിലായതിന് പിന്നാലെ അന്വേഷണം കൂടുതൽ പേരിലേക്ക്. പാലക്കയം വില്ലേജ് ഓഫീസിലെ തന്നെ കൂടുതൽ ഉദ്യോഗസ്ഥരിലേക്കാണ് അന്വേഷണം നീളുക. വില്ലേജ് ഓഫീസിലെ മറ്റ് ജീവനക്കാർ അറിയാതെ എങ്ങനെ ഇത്ര വ്യാപകമായി സുരേഷ് കുമാർ കൈക്കൂലി വാങ്ങുമെന്നാണ് വിജിലൻസിന്റെ ചോദ്യം.
മുഖ്യമന്ത്രി പിണറായി വിജയനും പാലക്കയം കൈക്കൂലി കേസിൽ ഓഫീസിലെ മറ്റ് ജീവനക്കാരുടെ പങ്കിനെ സംബന്ധിച്ച് സംശയം പ്രകടപ്പിച്ച് രംഗത്തെത്തിയിരുന്നു. പാലക്കയം സംഭവം അപമാനകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി, വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ കൈക്കൂലി ഓഫിസിലെ മറ്റുള്ളവർ അറിയാതിരിക്കുമോയെന്നാണ് ചോദിച്ചത്.
കൈക്കൂലിയുടെ രുചിയറിഞ്ഞവർ അതിൽ നിന്ന് മാറുന്നില്ലെന്നും അഴിമതി എങ്ങനെ നടത്താമെന്ന് ഡോക്ടറേറ്റ് എടുത്തുവരുണ്ടെന്നും മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.
അതേസമയം, സുരേഷ് കുമാർ പലരിൽ നിന്നും പണം വാങ്ങിയത് വില്ലേജ് ഓഫീസർക്കും നൽകണമെന്ന് പറഞ്ഞാണ്. എന്നാൽ ഇക്കാര്യം വില്ലേജ് ഓഫീസർ നിഷേധിച്ചിട്ടുണ്ട്. തന്റെ പേര് പറഞ്ഞ് സുരേഷ് കുമാർ പണം വാങ്ങിയത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് വില്ലേജ് ഓഫീസർ സജിത് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ വില്ലേജ് ഓഫിസർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി വിജിലൻസ് പരിശോധിക്കും.
ALSO READ- അമിതവേഗത്തിലെത്തിയ ബൈക്ക് ടോറസിലിടിച്ച് അപകടം; കുമാരനല്ലൂരിൽ മൂന്ന് യുവാക്കൾ മരിച്ചു
സുരേഷ് കുമാർ കൈക്കൂലി വാങ്ങിയോ എന്ന് അറിയില്ലെന്ന് പാലക്കയം വില്ലേജ് ഓഫീസർ സജിത് പരയുന്നുണ്ടെങ്കിലും ഇക്കാര്യം വിജിലൻസ് പൂർണമായി വിശ്വസിച്ചിട്ടില്ല.
പാലക്കയം കൈകൂലി കേസിൽ പിടിയിലായ ഉദ്യോഗസ്ഥന് സഹായം നൽകിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് റവന്യൂമന്ത്രി വ്യക്തമാക്കി. അഴിമതിക്കാരായ ജീവനക്കാരെ പിരിച്ചുവിടാൻ സർവീസ് ചട്ടങ്ങളിൽ ഭേദഗതി വേണം. ഇതിന് കൂട്ടായ ആലോചന വേണെമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post