തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഈ വർഷത്തെ പ്ലസ് ടു (ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി) പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 82.95 ശതമാനമാണ് വിജയം. വിജയശതമാനം കഴിഞ്ഞവർഷത്തേക്കാൾ കൂടിയിട്ടുണ്ട്. മുൻ വർഷം ഇത് 83.87 ശതമാനം ആയിരുന്നു (0.92 ശതമാനം കുറവ്).
ആകെ 4,32, 436 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.സംസ്ഥാനത്തെ 77 സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി. എട്ട് സർക്കാർ സ്‌കൂളുകൾ നൂറുമേനി വിജയം കൊയ്തു. 25 എയ്ഡഡഡ്, 32 അൺ എയ്ഡഡ്, 12 സ്‌പെഷ്യൽ സ്‌കൂളുകൾ എന്നിങ്ങനെയാണ് നൂറ് ശതമാനം വിജയം കൊയ്ത സ്‌കൂളുകളുടെ കണക്കുകൾ. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 33,815 വിദ്യാർഥികളാണ്.
എസ്എസ്എൽസിക്ക് പുറമെ പ്ലസ്ടു വപീക്ഷയിലും മലപ്പുറത്താണ് ഏറ്റവും കൂടുതൽ ഫുൾ എപ്ലസ്(4897). ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയതും മലപ്പുറം ജില്ലയിലാണ് (60380). വയനാടാണ് ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷയെഴുതിയത് (9,614). എറണാകുളമാണ് വിജയശതമാനം കൂടിയ ജില്ല 87.55%. കുറവ് പത്തനംതിട്ട ജില്ല -76.59%.
പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ സർക്കാർ സ്‌കൂൾ മലപ്പുറം കോട്ടക്കൽ രാജാസ് എച്ച്.എസ്.എസ് ആണ്.
78.39 ആണ് വി.എച്ച്.എസ്.ഇ വിജയശതമാനം. വയനാടാണ് വിജയശതമാനം കൂടുതൽ (83.63%). പത്തനംതിട്ട ജില്ലയിലാണ് വിജയശതമാനം കുറവ് (68.48%). നൂറ് ശതമാനം വിജയം നേടിയ 20 സ്‌കൂളുകളിൽ പന്ത്രണ്ടും സർക്കാർ സ്‌കൂളുകളാണ്. 373 വിദ്യാർഥികൽ എല്ലാ വിഷയത്തിലും എപ്ലസ് നേടി.
ടെക്നിക്കൽ ഹയർ സെക്കൻഡറി വിജയശതമാനം 75.30 ആണ്. 98 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. കേരള കലാമണ്ഡലം ആർട്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ 64 കുട്ടികൾ പരീക്ഷ എഴുതിയവരിൽ 57 പേർ വിജയിച്ചു (89.06 % വിജയം). സ്‌കോൾ കേരളയിൽ 48.73 ആണ് വിജയശതമാനം. 494 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്കായി മെയ് 31 വരെ അപേക്ഷിക്കാം. മെയ് 29 വരെ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കായി അപേക്ഷിക്കാം. ജൂൺ 21 മുതൽ സേ പരീക്ഷ ആരംഭിക്കും