ഉയർന്ന അളവിൽ ഉറക്കുമരുന്ന് നൽകി; മൂത്തമകനെ കെട്ടിത്തൂക്കിയത് ജീവനോടെ; ചെറുപുഴയിലെ അഞ്ച് പേരുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

ചെറുപുഴ: കണ്ണൂർ പാടിയോട്ടുചാൽ വാച്ചാലിൽ അമ്മയും 3 കുട്ടികളുമടക്കം സുഹൃത്തുമടക്കം അഞ്ചുപേർ ജീവനൊടുക്കിയ സംഭവത്തിൽ പോസ്ര്‌റ്‌മോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നത്. മക്കൾക്ക് ഉയർന്ന അളവിൽ ഉറക്കമരുന്ന് നൽകി കെട്ടിത്തൂക്കിയശേഷം യുവതിയും ഒപ്പം താമസിക്കുന്ന സുഹൃത്തും ജീവനൊടുക്കുകയായിരുന്നു എന്നാണ് വിവരം. മൂത്തമകൻ സൂരജിനെ കെട്ടിത്തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. മറ്റു രണ്ടു കുട്ടികളായ സുജിൻ, സുരഭി എന്നിവരെ കെട്ടിത്തൂക്കുമ്പോൾ ജീവനുണ്ടായിരുന്നില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. മരണം ഉറപ്പാക്കാൻ, 3 കുട്ടികൾക്കും ഉയർന്ന അളവിൽ ഉറക്കഗുളിക നൽകിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞദിവസം രാവിലെ ആറരയോടെയാണ് നടുക്കുടി ശ്രീജ (38), സുഹൃത്തായ മുളപ്രവീട്ടിൽ ഷാജി (40), ശ്രീജയുടെ മക്കളായ സൂരജ് (12), സുജിൻ (10), സുരഭി (8) എന്നിവരെ വീട്ടിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. വീട്ടിൽ സ്ഥിരമായി തർക്കവും വഴക്കുമുണ്ടാകാറുണ്ടെന്നും കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഷാജിയും ശ്രീജയും തൂങ്ങിമരിക്കുകയായിരിക്കാം എന്നാണ് പോലീസ് നിഗമനം.

നേരത്തെ, ശ്രീജയെയും ഷാജിയെയും വീട്ടിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു ശ്രീജയുടെ ഭർത്താവ് സുനിൽ ചെറുപുഴ പോലീസിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഇന്നലെ രാവിലെ മധ്യസ്ഥ ചർച്ച നടക്കാനിരിക്കെയാണു സംഭവം.

കുട്ടികളെ കൊന്നതായും ഷാജിയും താനും ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ചെറുപുഴ പോലീസ് സ്റ്റേഷനിലേക്ക് രാവിലെ ആറോടെ ശ്രീജയും ഷാജിയും ഫോൺ ചെയ്തു പറഞ്ഞിരുന്നു. എന്നാൽ, അര മണിക്കൂറിനകം പോലീസെത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല.

ALSO READ- പോലീസുകാരുടെ മക്കളും ലഹരി ഉപയോഗിക്കുന്നുണ്ട്; ഒരു എസ്പിയുടെ രണ്ട് മക്കളും ലഹരിക്ക് അടിമകൾ; തുറന്ന്പറഞ്ഞ് കൊച്ചി കമ്മീഷണർ കെ സേതുരാമൻ

പാടിയോട്ടുചാൽ കൊരമ്പക്കല്ല് വെമ്പിരിഞ്ഞൻ സുനിലാണു മരിച്ച ശ്രീജയുടെ ഭർത്താവ്. ഷാജി വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ്. ഗീതയാണു ഭാര്യ. ഹോം നേഴ്‌സായും നിർമാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ശ്രീജയും നിർമാണത്തൊഴിലാളിയായ ഷാജിയും തമ്മിൽ പരിചയപ്പെട്ടിട്ട് 8 മാസം മാത്രമായിട്ടുള്ളൂ.

സുനിലിന്റെയും ശ്രീജയുടെയും വിവാഹം പ്രണയിച്ചായിരുന്നു. 12 വർഷം മുൻപായിരുന്നു വിവാഹം. അതേസമയം, എന്തിനാണ് കുട്ടികളെ കൂടി കൊലപ്പെടുത്തിയതെന്നാണ് സുനിൽ ചോദിക്കുന്നത്. കുട്ടികളുടെ ചെലവ് താനാണ് വഹിച്ചിരുന്നതെന്നും സുനിൽ പറയുന്നു.

തങ്ങൾക്കിടയിൽ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഷാജിയുമായുള്ള ബന്ധത്തിനു ശേഷമാണു പ്രശ്‌നങ്ങളുടെ തുടക്കം. മറ്റൊരു പ്രശ്‌നവുമില്ല. മക്കളെയും കൂട്ടി, തിങ്കളാഴ്ച ഓട്ടോറിക്ഷയിൽ ശ്രീജ താൻ പണിയെടുക്കുന്ന ചെങ്കൽപ്പണയിൽ വന്നിരുന്നു. അന്നാണ് അവരെ അവസാനമായി കണ്ടത്. താനും മക്കളും മരിക്കുമെന്ന് അവൾ അന്നു പറഞ്ഞിരുന്നെന്നും സുനിൽ പറയുന്നു.

Exit mobile version