കരുവാരക്കുണ്ട്: ട്രക്കിംഗിന് പോയതല്ല, മാങ്ങ പറിക്കാനാണ് മലമുകളില്‍ കയറിയതെന്ന് മലപ്പുറം കരുവാരക്കുണ്ടിലെ ചേരി കൂമ്പന്‍മല മലമുകളില്‍ നിന്നും രക്ഷപ്പെട്ട കുട്ടി. നേരത്തെ ട്രക്കിംഗിന് കയറിയവരാണ് മലയില്‍ കുടുങ്ങിയതെന്ന രീതിയിലായിരുന്നു പ്രചാരണം. ഈ സാഹചര്യത്തിലാണ് മാങ്ങ പറിക്കാന്‍ കയറിയതാണെന്ന് പ്രദേശവാസിയായ കുട്ടി വെളിപ്പെടുത്തിയത്.
മൂന്ന് പേര്‍ ചേര്‍ന്നാണ് മലമുകളിലേക്ക് പോയത്. മുകളിലേക്ക് കയറുന്നതിനിടെ
കോട ഇറങ്ങി. മഴയും പെയ്തതോടെ തിരിച്ചിറങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ തിരിച്ചിറങ്ങുന്നതിനിടെ, ഒരാള്‍ വഴുതി വീണു. വീഴ്ചയില്‍ വന്ന് കാലിന് തട്ടിയപ്പോള്‍ രണ്ടാമത്തെയാളും വീണു. ഇതോടെ രണ്ടു പേര്‍ക്കും നടക്കാന്‍ പറ്റാതായി. ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെ ആളോട് താഴെയിറങ്ങി ആളെ വിളിച്ചു കൊണ്ടു വരാന്‍ അറിയിക്കുകയായിരുന്നുവെന്നും രക്ഷപ്പെട്ടയാള്‍ പറഞ്ഞു.
ചേരി കൂമ്പന്‍മല കയറിയ മൂന്ന് കുട്ടികളില്‍ 2 പേരാണ് തിരിച്ചിറങ്ങാന്‍ കഴിയാതെ മലമുകളില്‍ കുടുങ്ങിയത്. ഫയര്‍ഫോഴ്‌സ് സംഘത്തിന്റൈ അഞ്ച് മണിക്കൂറിലേറെ സമയം നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് മലമുകളില്‍ കുടുങ്ങിയ രണ്ട് പേരെയും തിരിച്ചിറക്കിയത്. താഴെ എത്തിയ മൂന്നാമന്‍ നല്‍കിയ വിവരമനുസരിച്ച് പോലീസും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലാണ് ഇരുവരെയും കണ്ടെത്തിയത്. പ്രദേശവാസികളായ ഇരുവര്‍ക്കും സ്ഥലത്തെ കുറിച്ച് വ്യക്തമായ വിവരവുമുണ്ടായിരുന്നുവെങ്കിലും മഴയും ഇരുട്ടും കാരണം തിരിച്ചിറങ്ങാനായില്ല.