പീഡന കേസില്‍ ഉണ്ണി മുകുന്ദനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി: മൂന്ന് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ഉണ്ണി മുകുന്ദനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി. പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അവര്‍ തെളിവ് ഹാജരാക്കിയിട്ടുണ്ട്.

പരാതിയില്‍ മൂന്നു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. പരാതിക്കാരിയുടെ ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാക്കുന്നതെന്നും അതിന്റെ സാധുത പരിശോധിക്കേണ്ടത് വിചാരണവേളയിലാണെന്നും കോടതി പറഞ്ഞു.

എഫ്ഐആര്‍ റദ്ദാക്കണമെന്ന ഉണ്ണിമുകുന്ദന്റെ ഹര്‍ജി തള്ളിയ ഉത്തരവിലാണ് കോടതി നിരീക്ഷണം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണിമുകുന്ദന്‍ മജിസ്ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും ഹര്‍ജികള്‍ നല്‍കിയെങ്കിലും രണ്ട് ഹര്‍ജികളും ബന്ധപ്പെട്ട കോടതികള്‍ തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

2017ല്‍ സിനിമാ ചര്‍ച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോള്‍ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണ് പരാതി.

സിനിമയുടെ ചര്‍ച്ചയ്ക്കായി ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എത്തിയപ്പോള്‍ കടന്നുപിടിച്ചു എന്നതാണ് യുവതിയുടെ പരാതി. നേരത്തേ, യുവതിയ്ക്ക് പരാതിയില്ലെന്ന വാദമുയര്‍ത്തി ഉണ്ണി മുകുന്ദന്‍ കേസിന് സ്റ്റേ വാങ്ങിയിരുന്നു. എന്നാല്‍, പരാതിയില്ലെന്ന വാദം തെറ്റാണെന്ന് വ്യക്തമാക്കി യുവതി ഹൈക്കോടതിയില്‍ എത്തുകയായിരുന്നു.

Exit mobile version