പാലക്കാട്: പാലക്കാട് മണ്ണാർക്കാട്ടെ വ്യക്തിയിൽ നിന്നും കൈക്കൂലി വാങ്ങിയതിനെ തുടർന്ന് പോലീസ് വിജിലൻസ് പിടികൂടിയ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി സുരേഷ് കുമാറിന് സസ്‌പെൻഷൻ. ലൊക്കേഷൻ സ്‌കെച്ച് നൽകുന്നതിനായി 2,500 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാൾ കല്ലടി കോളേജ് ഗ്രൗണ്ടിന് സമീപത്തുനിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
സുരേഷ് കുമാറിനെ സർവീസിൽനിന്ന് ജില്ലാ കളക്ടറാണ് സസ്പെൻഡ് ചെയ്തത്. കൈക്കൂലി വാങ്ങിയ പ്രവൃത്തി ഗുരുതരമായ കൃത്യവിലോപമായതിനാലും സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായതിനാലും 1960-ലെ കേരള സിവിൽ സർവീസ് ചട്ടങ്ങളിലെ ചട്ടം 10(1) (ബി) പ്രകാരമാണ് സസ്പെൻഡ് ചെയ്തതെന്ന് ജില്ലാ കളക്ടർ ഉത്തരവിൽ പറഞ്ഞു.
അതേസമം, ഇയാൾ മണ്ണാർക്കാട് പ്രദേശത്തെ വിവിധ വില്ലേജ് ഓഫീസുകളിൽ ജോലി ചെയ്തിരുന്നെന്നും ഇവിടെ നിന്നും വ്യാപകമായി കൈക്കൂലി വാങ്ങിയിരുന്നെന്നുമാണ് വിവരം. ഇത്തരത്തിൽ ലക്ഷങ്ങൾ സമ്പാദിച്ചതിന്റെ രേഖകളും പണവുമടക്കം വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ നിരവധി പേരിൽ നിന്ന് ഇയാൾ കൈക്കൂലി വാങ്ങിയതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇയാൾതാമസിച്ചിരുന്ന ലോഡ്ജിൽ നടത്തിയ പരിശോധനയിൽ 35 ലക്ഷം പണമായും 71 ലക്ഷത്തിന്റെ നിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.
റെയ്ഡിൽ മണിക്കൂറുകളെടുത്താണ് ഇവയെല്ലാം വിജിലൻസ് ഉദ്യോഗസ്ഥർ എണ്ണിതിട്ടപ്പെടുത്തിയത്. മാറാല പിടിച്ച മുറിക്കുള്ളിൽ 35 ലക്ഷം രൂപയും കിലോക്കണക്കിന് നാണയങ്ങളും സൂക്ഷിച്ചിരുന്നത് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. പണത്തിന് പുറമെ 150 പേനകളും പത്തുലിറ്റർ തേനും ഒരുചാക്ക് കുടംപുളിയും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതെല്ലാം പ്രതി കൈക്കൂലിയായി കൈപറ്റിയതാണെന്നാണ് വിവരം.
ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ഇയാൾ പക്ഷെ വളരെ ലളിതമായ ജീവിതരീതിയായിരുന്നു പിന്തുടർന്നിരുന്നത്. പ്രതിമാസം 2,500 രൂപ വാടകയുള്ള ഒറ്റമുറിയിലായിരുന്നു സുരേഷ്‌കുമാറിന്റെ താമസം. 20 വർഷത്തോളമായി മണ്ണാർക്കാട് മേഖലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ ജോലിചെയ്ത് വരികയാണ്. കഴിഞ്ഞ പത്തുവർഷമായി ഇതോ വാടകമുറിയിലാണ് കഴിഞ്ഞിരുന്നത്.
വില്ലേജ് ഓഫീസിലെത്തുന്നവർ എന്ത് ആവശ്യത്തിന് സമീപിച്ചാലും കൈക്കൂലി ചോദിച്ച് വാങ്ങുന്നതായിരുന്നു ഇയാളുടെ പതിവ്. കുറഞ്ഞത് 500 രൂപയായിരുന്നു വാങ്ങിയിരുന്ന കൈക്കൂലി. മിക്കവരിൽ നിന്നും പതിനായിരം രൂപവരെ ചോദിച്ചുവാങ്ങിയിരുന്നെന്നും വീടുകളിൽ കയറിയിറങ്ങി പോലും കൈക്കൂലി വാങ്ങിച്ചതായും നാട്ടുകാർ ആരോപിക്കുന്നുണ്ട്.
Discussion about this post