തിരുവനന്തപുരം: നീലേശ്വരത്ത് നിന്നുള്ള കാജലും തിരുവനന്തപുരംകാരിയായ അഷ്‌നിയും. ദൂരങ്ങൾ കൊണ്ട് അകലെയെങ്കിലും ഇരുവരുടെയും നിയോഗം ഒരുമിച്ച് പഠിച്ച് ഒരേ അക്കാദമിയിൽ നിന്നും സിവിൽ സർവീസസിലേക്ക് നടന്നടുക്കാനായിരുന്നു. കാജൽ വിദ്യാർത്ഥിനിയാണെങ്കിൽ കാജലിനെ പരിശീലിപ്പിച്ച മെന്ററാണ് അഷ്‌നിയെന്നു മാത്രം.
നീലേശ്വരം സ്വദേശിനിയായ കാജൽ രാജുവെന്ന ശിഷ്യയ്ക്ക് തിരുവനന്തപുരത്തെ ഐലേൺ ഐഎഎസ് അക്കാദമിയിൽ നിന്നാണ് എഎൽ അഷ്‌നി എന്ന മെന്ററെ ലഭിച്ചത്. ഐലേണിലെ മുൻ വിദ്യാർത്ഥിനി കൂടിയായ അഷ്‌നി സിവിൽ സർവീസസ് പരിശീലനത്തിനൊപ്പം അക്കാദമിയിൽ തന്നെ മെന്ററുമായി തുടരുകയായിരുന്നു. ഇതിനിടെയാണ് കാജൽ എന്ന ശിഷ്യയെ ലഭിച്ചത്. ഇപ്പോഴിതാ ഇരുവരും കൂടി കീഴടക്കിയത് സിവിൽ സർവീസസിനെയാണ്.
ഓൾ ഇന്ത്യ റാങ്കിൽ 328ാം റാങ്കോടെയാണ് അഷ്‌നി സിവിൽ സർവീസ് റാങ്കിലെത്തിയത്. ശിഷ്യയായ കാജൽ 910ാം റാങ്കും നേടി. ആദ്യശ്രമത്തിലാണ് കാജലിന്റെ നേട്ടമെന്നത് വിജയത്തിന് ഇരട്ടി മധുരം സമ്മാനിക്കുകയാണ്.
കാജലും അഷ്‌നിയും തമ്മിൽ മറ്റൊരു ബന്ധംകൂടിയുണ്ട്. ഡൽഹി ഐഐടിയിലെ പഠനകാലത്ത് അഷ്‌നിയുടെ ജൂനിയർ കൂടിയായിരുന്നു കാജൽ. ഇൻഗ്രേറ്റഡ് എംഎ കഴിഞ്ഞിറങ്ങിയ കാജലിന്റെ സിവിൽ സർവീസ് മോഹത്തിന് താങ്ങായി അഷ്‌നി എത്തിയത് തന്നെയാണ് ആദ്യശ്രമത്തിലെ വിജയം എന്ന മൈൽ സ്റ്റോൺ താണ്ടാൻ സഹായിച്ചത്.
തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനിയാണ് അഷ്‌നി. നാച്ചിലെ സ്‌കൂൾ പഠനത്തിന് ശേഷം ഐഐടി ഡൽഹിയിൽ ഡെവലപ്‌മെന്റ് സ്റ്റഡീസിൽ 5 വർഷത്തെ ഇന്റഗ്രേറ്റഡ് എംഎ പഠനം പൂർത്തിയാക്കിയിരുന്നു. തുടർന്നാണ് അഷ്‌നി, സിവിൽ സർവീസ് പരിശീലനത്തിനായി തിരുവനന്തപുരത്തെ തന്നെ ഐലേൺ ഐഎഎസ് അക്കാദമി തിരഞ്ഞെടുത്തത്. 2018ൽ ഐലേണിന്റെ ഭാഗമായ അഷ്‌നി മലയാളം ഒപ്ഷനായെടുത്താണ് സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തത്.
ആദ്യശ്രമത്തിൽ പ്രിലിം, മെയിൻ, ഇന്റർവ്യൂ കടമ്പകളൊക്കെ കടന്നെങ്കിലും അന്തിമ റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കാനായില്ല. എങ്കിലും യു പി എസ് സി പരിശ്രമം തുടർന്നുകൊണ്ടിരുന്നു. ഒപ്പം രണ്ട് വർഷമായി ഐലേൺ അക്കാദമിയിൽ തന്നെ മെന്റർ ആയും തുടർന്നു. അങ്ങനെ ഒടുവിൽ ഈ വർഷത്തെ പരീക്ഷയിൽ പങ്കെടുത്ത് 328ാം റാങ്ക് കരസ്ഥമാക്കിയ അഷ്‌നി ഐഎഎസ് അല്ലെങ്കിൽ ഐഎഫ്എസ് ഉറപ്പാക്കിയിരിക്കുകയാണ്.
സിനിമയേയും ഫുട്‌ബോളിനേയും വളരെ ആഴത്തിൽ സ്‌നേഹിക്കുന്ന അഷ്‌നിക്ക് യുപിഎസ്‌സി ഇന്റർവ്യൂവിൽ നേരിടേണ്ടി വന്നതും ഫുട്‌ബോൾ സംബന്ധിച്ച ചോദ്യങ്ങളായിരുന്നു. നല്ല വായനാശീലവും കൂടിയുണ്ട് അഷ്‌നിക്ക്. തമാശ സിനിമകളും തമാശയും ആസ്വദിക്കുന്ന അഷ്‌നി, സരസമായി സംസാരിക്കുന്ന കൂട്ടത്തിലുമാണ്. ഇതൊക്കെ കൊണ്ടു തന്നെ വലിയ പ്രയാസമില്ലാതെ തന്നെ ഇന്റർവ്യൂ പൂർത്തിയാക്കാൻ അഷ്‌നിക്ക് സാധിച്ചു. ഒപ്പം തന്റെ ജൂനിയർ കൂടിയായ കാജൽ രാജുവിന് പരിശീലനം നൽകി റാങ്ക് ലിസ്റ്റിലേക്കും കൈപിടിച്ചു.
നീലേശ്വരത്തെ രാജു-ഷീബ ദമ്പതികളുടെ മകളാണ് കാജൽ. വലതുകൈക്ക് സംഭവിച്ച അംഗപരിമിതിയെ മറികടന്നാണ് കാജൽ സിവിൽ സർവീസ് ഇറപ്പിച്ചത്. പരിശ്രമിക്കാനുള്ള മനസും പ്രതിസന്ധികളെ നേട്ടങ്ങളാക്കി മാറ്റാനുള്ള കരുത്തുമാണ് കാജലിനെ സിവിൽ സർവന്റാകാൻ സഹായിച്ചിരിക്കുന്നത്. കുട്ടിക്കാലം തൊട്ടേ പഠനത്തിൽ മിടുക്കിയായിരുന്ന കാജൽ ഡൽഹി ഐഐടിയിൽ നിന്നും ഇന്റഗ്രേറ്റഡ് എംഎ പൂർത്തിയാക്കിയാണ് തിരുവനന്തപുരത്തെ ഐലേൺ ഐഎഎസ് അക്കാദമിയിലൂടെ സിവിൽ സർവീസ് എന്ന മോഹത്തിലേക്ക് ചുവടുവെച്ചത്.
ഐലേൺ ഐഎഎസിലെ മികച്ച പരിശീലനത്തിലൂടെ മറ്റ് 34 പേർക്കൊപ്പമാണ് അഷ്‌നിയും കാജലും സിവിൽ സർവീസ് റാങ്ക് സ്വന്തമാക്കിയത്. എല്ലാ ഉയർച്ചതാഴ്ചകളിലും കൂടെ നിന്ന ഐലേണിന് നന്ദി പറയുകയാണ് കാജലും അഷ്‌നിയും. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ഇവർ നൽകുന്നതും ഐലേൺ അക്കാദമിക്ക് തന്നെ.
ചുരുങ്ങിയ കാലം കൊണ്ട് 200ലേറെ പേർക്ക് സിവിൽ സർവീസ് മോഹം സഫലമാക്കാനായ ചരിത്രം കൂടി പറയാനുണ്ട് ഐലേൺ ഐഎഎസിന്. മികച്ച ഫാക്കൽറ്റിയും പഠന സൗകര്യങ്ങളും വിദ്യാർത്ഥിയെ സിവിൽ സർവീസസിലെത്തിക്കുന്നത് വരെ നൽകി വരുന്ന സപ്പോർട്ടുമാണ് മറ്റ് അക്കാദമികളിൽ നിന്നും ഐലേൺ ഐഎഎസിനെ വ്യത്യസ്തമാക്കുന്നത്.
Discussion about this post