‘മുസ്ലീങ്ങള്‍ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണര്‍ പറഞ്ഞത്’; ദുരനുഭവം വെളിപ്പെടുത്തി കഥാകൃത്ത്

കൊച്ചി: മുസ്ലീങ്ങള്‍ക്ക് വാടകയ്ക്ക് വീട് വാടകയ്ക്ക് ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കഥാകൃത്ത് പിവി ഷാജി കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജി ഇക്കാര്യം വ്യക്തമാക്കിയത്.

ഷാജിയെന്ന തന്റെ പേര് ഇസ്ലാം മത വിശ്വാസിയുടേതാണെന്ന് തെറ്റിദ്ധരിച്ച് പല വീട്ടുടമകളും തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മുന്‍പ് രണ്ട് വട്ടം വീട് നോക്കാന്‍ പോയപ്പോള്‍ സമാന അനുഭവമുണ്ടായെന്നും ഷാജി കുറിച്ചു.

ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാന്‍ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയില്‍ പോയി.
ബ്രോക്കര്‍ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഒറ്റനിലവീട്. വീടിന് മുന്നില്‍ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തില്‍ പടമായിട്ടുണ്ട്. മുറികള്‍ നോക്കുമ്പോള്‍ ബ്രോക്കര്‍ ചോദിക്കുന്നു.
”പേരേന്താ..?”
”ഷാജി”
അയാളുടെ മുഖം ചുളിയുന്നു.
”മുസ്ലീമാണോ..?”
ഞാന്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കുന്നു.
”ഒന്നും വിചാരിക്കരുത് , മുസ്ലീങ്ങള്‍ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണര്‍ പറഞ്ഞിരിക്കുന്നത്..”
”ഓ… ഓണര്‍ എന്ത് ചെയ്യുന്നു..”
”ഇന്‍ഫോപാര്‍ക്കില്‍.. കമ്പ്യൂട്ടര്‍ എഞ്ചിനിയറാ..”
”ബെസ്റ്റ്..”
ഞാന്‍ സ്വയം പറഞ്ഞു.
ഇപ്പോഴും അയാള്‍ എന്റെ മതമറിയാന്‍ കാത്തുനില്‍ക്കുകയാണ്.
ഷാജിയെന്നത് സര്‍വ്വമതസമ്മതമുള്ള പേരാണല്ലോ..
മുമ്പും രണ്ട് വട്ടം വീട് നോക്കാന്‍ പോയപ്പോള്‍ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസില്‍ നിന്ന് കളഞ്ഞതാണ്…
‘എനിക്ക് വീട് വേണ്ട ചേട്ടാ…’
ഞാന്‍ ഇറങ്ങുന്നു.
ചുമരിലെ പാവം യേശു എന്നോട് പറയുന്നു.
‘ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു…’

Exit mobile version