പാനൂർ: കേരളത്തിലെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ കമ്ണൂരിലെത്തി തന്റെ മുൻ അധ്യാപികയെ കാൽതൊട്ടു വണങ്ങിയത് അപൂർവ്വ കാഴ്ചയായി. പ്രിയ അധ്യാപികയോടുള്ള ആദരം അറിയിക്കാനായി ഉപരാഷ്ട്രപതി നേരിട്ട് അധ്യാപികയുടെ വസതിയിലെത്തുകയായിരുന്നു. കണ്ണൂർ പാനൂർ ചമ്പാട് ‘ആനന്ദം’ വീട്ടിലായിരുന്നു പ്രിയപ്പെട്ട ഗുരു-ശിഷ്യ സമാഗമം നടന്നത്.
ഗണിത അധ്യാപികയായിരുന്ന രത്‌ന നായരെ (83) കാണാനാണ് ഉപരാഷ്ട്രപതിയെത്തിയത്. രാജസ്ഥാനിലെ ചിത്തോർഗഡ് സൈനിക സ്‌കൂളിൽ 1968 ലാണ് രത്‌ന ടീച്ചർ ധൻകരെ കണക്കുപഠിപ്പിച്ചത്. ”എനിക്കു ലഭിച്ച ഏറ്റവും വലിയ ഗുരുദക്ഷിണ”-എന്നാണ് മുൻവിദ്യാർത്ഥി കാണാനെത്തിയ നിമിഷത്തെ രത്‌നം നായർ വിശേഷിപ്പിച്ചത്.
മുൻപ് ധൻകറുടെ സത്യപ്രതിജ്ഞച്ചടങ്ങിലേക്കു ക്ഷണം ലഭിച്ചിരുന്നെങ്കിലും രത്‌ന ടീച്ചർക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ‘ടീച്ചറെ കാണാൻ ഞാൻ വരും’ എന്ന് അന്നദ്ദേഹം വാക്കുനൽകി. അതാണിപ്പോൾ പാലിച്ചിരിക്കുന്നത്.
നിയമസഭാ സ്പീക്കർ എഎൻ ഷംസീറിനൊപ്പം 2.30നു വീട്ടിലെത്തിയ ഉപരാഷ്ട്രപതിയെയും പത്‌നി ഡോ. സുധേഷ് ധൻകറെയും ടീച്ചർ മുറ്റത്തേക്കിറങ്ങി സ്വീകരിച്ചു. സ്വീകരണ മുറിയിൽ ടീച്ചർ ഒരുക്കിയത് ഇളനീരും ചിപ്‌സും ഇഡ്ഡലിയുമായിരുന്നു.
ടീച്ചറുടെ പരിശ്രമം കൂടിയാണ് തന്റെ വിജയങ്ങൾക്കു പിന്നിലെന്ന് ഉപരാഷ്ട്രപതി പറഞ്ഞപ്പോൾ, അതൊന്നുമല്ല, താങ്കളുടെ ശ്രമവും കഴിവുമാണെന്നായിരുന്നു ടീച്ചർ പ്രതിവചിച്ചത്. വിഘ്‌നേശ്വര രൂപം സമ്മാനിച്ചാണ് ടീച്ചർ ധൻകറെ യാത്രയാക്കിയത്.
അതേസമയം, രത്‌ന ടീച്ചർക്കും സഹോദരന്റെ പേരക്കുട്ടി ഇഷാനിക്കും ഉപരാഷ്ട്രപതി സമ്മാനങ്ങൾ കൈമാറി. ഒരുമിച്ച് ഫോട്ടോകളെടുത്തും ടീച്ചറുടെ സഹോദരൻ വിശ്വനാഥൻ നായർ, മകൾ നിധി, ഭർത്താവ് മൃദുൽ എന്നിവരോടും കുശലാന്വേഷണം നടത്തിയും ഉപരാഷ്ട്രപതി മടങ്ങിപ്പോയി.