തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ ചിറയിൻകീഴിലെ രാഖിശ്രീ എന്ന വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. പെൺകുട്ടിയെ ശല്യം ചെയ്തിരുന്നെന്ന ആരോപണം ഉയർന്ന യുവാവിന്റെ കുടുംബം എല്ലാം നിഷേധിച്ച് രംഗത്തെത്തി.
ഇയാൾ പെൺകുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്നും ഇരുവരും തമ്മിൽ സ്നേഹത്തിലായിരുന്നെന്നുമാണ് ചിറയിൻകീഴ് പണ്ടകശാല സ്വദേശിയായ അർജുന്റെ വീട്ടുകാർ അറിയിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ മരണശേഷം ആരോപണം ഉയർന്നതോടെ വീട്ടിൽനിന്ന് ഇറങ്ങിപ്പോയ അർജുൻ ഇതുവരെ തിരിച്ചെത്തിയില്ലെന്നും അവർ പറഞ്ഞു.
ചിറയിൻകീഴ് കൂന്തള്ളൂർ പനച്ചുവിളാകം വീട്ടിൽ രാജീവ്-ശ്രീവിദ്യ ദമ്പതികളുടെ മകൾ രാഖിശ്രീ (ദേവു-16) ശനിയാഴ്ച വൈകിട്ടോടെയാണു സ്വന്തം വീടിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്.
എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എപ്ലസ് നേടി വിജയിച്ചത് സ്കൂളിൽ എത്തി ആഘോഷിച്ചതിന് പിന്നാലെയായിരുന്നു രാഖിശ്രീ ജീവനൊടുക്കിയത്. നാട്ടുകാരനായ അർജുൻ എന്ന യുവാവ് പിന്തുടർന്ന് ശല്യപ്പെടുത്തുകയും തടഞ്ഞുനിർത്തി ഭീഷണി മുഴക്കുകയും ചെയ്തതായി രാഖിശ്രീയുടെ പിതാവ് രാജീവൻ ആരോപിച്ചിരുന്നു. ഇതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെ പരാതി.
also read- കൂട്ടുകാരോടൊപ്പം പിറന്നാളാഘോഷിച്ച് മടങ്ങവെ വാഹനാപകടം, 25കാരന് ദാരുണാന്ത്യം
എന്നാൽ അർജുൻ, പിന്തുടർന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഒരു വർഷത്തിലേറെയായി ഇരുവരും സ്നേഹത്തിലായിരുന്നെന്നും അർജുന്റെ വീട്ടുകാർ വിശദീകരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിവരം അറിഞ്ഞതു മുതൽ മരണത്തിനു തൊട്ടുമുൻപ് വരെയുള്ള കാര്യങ്ങൾ വരെ അർജുനെ രാഖിശ്രീ വാട്സാപ്പിൽ അറിയിച്ചിരുന്നെന്ന് ഇവർ പറയുന്നു.
അർജുനുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതിലെ വിഷമമാണ് അവസാനമായി അയച്ച സന്ദേശമെന്നും കുടുംബം പറഞ്ഞു. ഇരുവരും തമ്മിലുള്ള ചാറ്റിന്റെ സ്ക്രീൻഷോടും അർജുന്റെ കുടുംബം പോലീസിന് കൈമാറി. അസ്വാഭാവിക മരണത്തിനാണ് ചിറയിൻകീഴ് പോലീസ് കേസെടുത്തിട്ടുള്ളത്.
Discussion about this post